LatestThiruvananthapuram

സൈനിക സ്കൂളില്‍ ഇനിമുതല്‍ പെണ്‍കുട്ടികളും പഠിക്കും

“Manju”

തിരുവനന്തപുരം ; കേരളത്തിലെ ഏക സൈനിക സ്‌കൂളായ തിരുവനന്തപുരം കഴക്കൂട്ടത്തെ സ്‌കൂളില്‍ ഇനി പെണ്‍കുട്ടികളും പഠിക്കും. കേരളത്തില്‍ നിന്നുള്ള ഏഴ് പേരടക്കം 10 പെണ്‍കുട്ടികള്‍ക്കാണ് സ്കൂളില്‍ പ്രവേശനം ലഭിച്ചത്. ചരിത്രത്തിലാദ്യമായാണ് സ്കൂളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയത്.

രാജ്യത്തെ 33 സൈനിക സ്‌കൂളുകളിലും ഈ അക്കാദമിക് വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ഉറപ്പാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ ഏക സൈനിക സ്‌കൂളായ കഴക്കൂട്ടം സൈനിക സ്‌കൂളും ഇത് യാഥാര്‍ത്ഥ്യമാക്കിയത്. പ്രവേശന പരീക്ഷ വിജയിച്ച 10 പെണ്‍കുട്ടികളുടെ ആദ്യ ബാച്ചാണ് ഇവിടെ ആരംഭിച്ചത്. 1962 ല്‍ സ്ഥാപിതമായതിനു ശേഷം ചരിത്രത്തിലാദ്യമായാണ് സൈനിക സ്കൂളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയത്.

ആദ്യ ബാച്ചില്‍ കേരളത്തില്‍ നിന്നുള്ള ഏഴ് പെണ്‍കുട്ടികളും ബിഹാറില്‍ നിന്നുള്ള രണ്ടും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. പ്രവേശനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ കുട്ടികള്‍. 2018-19 അക്കാദമിക് വര്‍ഷത്തില്‍ മിസോറം സൈനിക് സ്‌കൂള്‍ സൊസൈറ്റി നടത്തിയ വിജയകരമായ ഒരു പരീക്ഷണമായിരുന്നു സൈനിക് സ്‌കൂളുകളിലെ പെണ്‍കുട്ടികളുടെ പ്രവേശനം. പിന്നീട് രാജ്യത്തെ മറ്റ് സൈനിക് സ്‌കൂളുകളും പെണ്‍കുട്ടികളുടെ പ്രവേശനത്തിന് തുടക്കം കുറിച്ചു. നിലവില്‍ രാജ്യത്തെ സൈനിക സ്‌കൂളുകളില്‍ 10 ശതമാനം സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കായി മാറ്റി വെച്ചിട്ടുണ്ട്.

Related Articles

Back to top button