IndiaLatest

ഐപിഎല്‍ പതിനാലാം സീസണ്‍ യുഎഇയില്‍ പുനരാരംഭിക്കും

“Manju”

മുംബൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പാതിവഴിയില്‍ ഉപേക്ഷിച്ച ഐപിഎല്‍ യുഎഇയില്‍ വെച്ച്‌ നടത്തുവാന്‍ തീരുമാനം. ബിസിസിഐ ഇന്ന് വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തിലാണ് യുഎയിലേക്ക് നീക്കുവാന്‍ തീരുമാനമായത്. ഐപിഎല്ലില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നടത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും ബിസിസിഐയുടെ ഔദ്യോഗിക തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു.

ഇന്ന് ബിസിസിഐയുടെ സ്പെഷ്യല്‍ ജനറല്‍ മീറ്റിങ്ങിലാണ് തീരുമാനങ്ങള്‍ എടുത്തത്. സെപ്തംബര്‍ – ഒക്ടോബര്‍ മാസങ്ങളിലാണ് ഐപിഎല്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ കോവിഡ് സാഹചര്യവും മോശം കാലാവസ്ഥയും പരിഗണിച്ച്‌ ഇവിടെ മത്സരങ്ങള്‍ നടത്തുക അസാധ്യമായതിനാലാണ് മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

ടി20 ലോകകപ്പിന് മുന്നോടിയായി ഐസിസി നാളെ യോഗം നടത്താനിരിക്കെയാണ് ബിസിസിഐയുടെ ഈ പ്രത്യേക മീറ്റിങ് ഇന്ന് വിളിച്ചു ചേര്‍ത്തത്. ഐസിസിയുടെ യോഗത്തില്‍ ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. അതേസമയം, ഇംഗ്ലണ്ട്, ന്യൂസിലാന്റ്‌, ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button