Kerala

ഗജരാജൻ കുഴൂർ സ്വാമിനാഥൻ ചരിഞ്ഞു

“Manju”

തൃശൂർ: ഗജരാജൻ കുഴൂർ സ്വാമിനാഥൻ ചരിഞ്ഞു. ഇന്നലെ രാത്രിയോടെയാണ് ആന അവശനായി വീണതും ചരിഞ്ഞതും. ബാസ്റ്റിൻ വിനയപ്രസാദ്‌ , കുളമാക്കൽ സീതാരാമൻ, ഗുരുജി രാമചന്ദ്രൻ എന്നീ മുൻ പേരുകളിൽ ഉത്സവപ്പറമ്പുകളിൽ തന്റേതായ ഒരു സ്ഥാനം സ്വന്തമാക്കിയിരുന്ന ഗജരാജൻ ആയിരുന്നു കുഴൂർ സ്വാമിനാഥൻ. 10 അടിക്കടുത്ത് ഉയരവും. നല്ല ശരീരഭംഗിയും ഉണ്ടായിരുന്ന, ബീഹാറി ആനയായ സ്വാമിനാഥൻ ആദ്യകാലത്ത് തൃശൂർ പൂരം, ആറാട്ടുപുഴ പൂരം എന്നിങ്ങനെ ഒരുപാട് പൂരപ്പറമ്പുകളിലെ നിറസാന്നിധ്യം ആയിരുന്നു.

അതേസമയം, ആനയെ മനപ്പൂർവം കൊന്നതാണെന്ന ആരോപണവുമായി ആനപ്രേമിസംഘം രംഗത്തെത്തി. അസുഖബാധിതനായ ആനയെ 4 മാസങ്ങൾക്ക് മുൻപ് അങ്കമാലിക്കടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ കെട്ടുകയായിരുന്നു. നല്ല രീതിയിൽ തീറ്റയും വെള്ളവും കൊടുക്കാത്തതിനെ തുടന്ന് വളരെ ദയനീയാവസ്ഥയിലായിരുന്നുവന്നാണ് ആരോപണം. കുഴൂർ സ്വദേശികളായ വിജയകുമാറിന്റെയും മറ്റ് 5 വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള കൊമ്പനാണ് സ്വാമിനാഥൻ. കഴിഞ്ഞ 3 വർഷത്തിനിടയിൽ 20 ൽ കൂടുതൽ ആനക്കാർ ആനയെ കെട്ടിയഴിച്ചിട്ടുണ്ട്. ഓരോ തവണയും കെട്ടഴിപ്പ് എന്നതിന്റെ പേരിൽ പലരും ആനയെ ഭേദ്യം ചെയ്തതായും തെളിവുകളുണ്ടെന്നും. ആനയുടെ ആരോഗ്യനില മോശമാണെന്ന് പല തവണ ആനപ്രേമി സംഘടനകൾ അഭിപ്രായപ്പെട്ടിട്ടും കരാർ അടിസ്ഥാനത്തിൽ ആനയെ പാട്ടത്തിന് കൊടുത്ത് പൈസ സമ്പാദിക്കുന്നതിലായിരുന്നു ഉടമകളുടെ ശ്രദ്ധയെന്നും ആനപ്രേമികൾ ആരോപിക്കുന്നുണ്ട്.

ആനയുടെ ശോചനീയാവസ്ഥ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ആനയെ പരിപാലിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഏറ്റെടുത്ത് വേണ്ട ചികിത്സ നൽകാം എന്ന ഉറപ്പോടെ തൃശൂർ ആനപ്രേമി സംഘം ഉടമയെ സമീപിച്ചിരുന്നു. എന്നാൽ അത് മുഖവിലക്കെടുക്കാത്ത ഉടമകൾ ആനയുടെ ചികിത്സയുടെ കാര്യത്തിലും അലംഭാവം കാണിച്ചതുകൊണ്ടാണ് ആന ചരിഞ്ഞതെന്നും. ശുദ്ധജലവും തീറ്റയും ലഭ്യമല്ലാത്ത സ്ഥലത്ത് ആനയെ കൊണ്ടുവന്ന് തളച്ചത് തന്നെ ആരോഗ്യനില മോശമായ ആനയെ ബോധപൂർവം ഒഴിവാക്കാൻ വേണ്ടിയാണെന്നും ആനപ്രേമികൾ ആരോപിക്കുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനക്ക് ശേഷം ആരോഗ്യനില മോശമായതുകൊണ്ട് സ്വാമിനാഥനെ കഴിഞ്ഞ ഒരു വർഷമായി ഉത്സവങ്ങൾക്ക് എഴുന്നള്ളിച്ചിട്ടില്ല. ആനയെ പരിപാലിക്കുന്നതിൽ പിഴവ് വരുത്തിയതിന്റെ പേരിൽ നാട്ടാന പരിപാലനച്ചട്ട പ്രകാരം ഉടമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എറണാകുളം റേഞ്ച് ഓഫീസർ രഞ്ജിത്ത് പറഞ്ഞു.

Related Articles

Back to top button