IndiaLatest

കടല്‍ക്കൊല കേസ് ; 10 കോടി സ്ഥിര നിക്ഷേപമാക്കാന്‍ സുപ്രീംകോടതി

“Manju”

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസുമായി ബന്ധപ്പെട്ട് ഇറ്റലി കൈമാറിയ പത്ത് കോടി രൂപ ബാങ്കില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ്‌ ആയി നിക്ഷേപിക്കുന്നതിനെ സംബന്ധിച്ച്‌ സുപ്രീം കോടതി രജിസ്ട്രി കേസ് പരിഗണിക്കുന്ന ബെഞ്ചിന്റെ അഭിപ്രായം തേടി. നഷ്ടപരിഹാര തുക കെട്ടിവച്ചതിന്റെ രേഖകള്‍ ഹാജരാക്കിയ സാഹചര്യത്തില്‍ കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യത്തില്‍ നാളെ കോടതി തീരുമാനം എടുത്തേക്കും.

ഇറ്റലി നഷ്ടപരിഹാര തുക കെട്ടിവച്ചതിന്റെ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ കടല്‍ കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കൂവെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ഇറ്റലി നഷ്ടപരിഹാര തുക കേന്ദ്രത്തിന് കൈമാറിയത്.  ഈ തുക ഏപ്രില്‍ 26-ന് സുപ്രീം കോടതി രജിസ്ട്രിയുടെ യുകോ ബാങ്ക് അകൗണ്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിച്ചിരുന്നു. എന്നാല്‍ പലിശ രഹിത നിക്ഷേപം എന്ന നിലയില്‍ ആണ് തുക കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിച്ചത്. ഈ തുകയാണ് സ്ഥിരനിക്ഷേപത്തിലേക്ക് മാറ്റാന്‍ സുപ്രീം കോടതി രജിസ്ട്രിയുടെ ആലോചന .

Related Articles

Back to top button