KeralaLatest

ലോക്ക്ഡൗണ്‍ ഇളവുകള്‍: ഇന്ന് അവലോകനയോഗം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും. വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേരും. ബുധനാഴ്ചയ്ക്ക് ശേഷം കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് നീക്കം.ഓട്ടോ, ടാക്സി സര്‍വീസുകള്‍ക്കും കൂടുതല്‍ കെഎസ്‌ആര്‍ടിസി ബസ് സര്‍വീസുകള്‍ക്കും അനുമതി നല്‍കിയേക്കും. തുണിക്കടകള്‍, ചെരിപ്പുകള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് തുറക്കാന്‍ അനുമതി ഉണ്ടാകും. ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂര്‍ണ ലോക്ഡൗണിന് ശേഷം ഇന്ന് കൂടുതല്‍ ഇളവുകള്‍ ഉണ്ട്. ഹോട്ടലുകളില്‍ നിന്നും പാഴ്സലുകള്‍ അനുവദിക്കും. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും അനുമതി ഉണ്ട്.

അതേസമയം കൊല്ലത്തും കൊച്ചിയിലും ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കടകളടച്ചിട്ട് പ്രതിഷേധിക്കും. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ വ്യപാരികളെ പൊലീസ് ബുദ്ധിമുട്ടിക്കുന്നെന്നാരോപിച്ചാണ് കൊല്ലം ജില്ലയില്‍ കടകളടച്ചിടുന്നത്.
സംഘടനയുടെ ഭാഗമായ ഹോട്ടലുടമകളില്‍ ഒരു വിഭാഗവും പ്രതിഷേധത്തിന്റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കടയടപ്പു സമരവുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതി.

കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദശം പാലിച്ച്‌ കടകള്‍ തുറക്കാനനുവദിക്കുക, ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കുക, അടച്ചിട്ട കടകള്‍ക്ക് വാടക ഒഴിവാക്കാനുള്ള നിയമ നിര്‍മാണം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എറണാകുളം ജില്ലയിലെ കടയടപ്പ് സമരം.
ഓള്‍കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍, ബേക്കേഴ്സ് അസോസിയേഷന്‍, സൂപ്പര്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ എന്നിവരും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ സ്റ്റോര്‍ ഒഴികെ മറ്റ് കടകള്‍ തുറക്കില്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

Related Articles

Back to top button