KeralaKollam

ജോസഫൈനെതിരെ വനിതാ കമ്മീഷനിൽ പരാതി

“Manju”

കൊല്ലം: എംസി ജോസഫൈന് എതിരെ വനിതാ കമ്മീഷനിൽ പരാതി. ടെലിവിഷൻ പരിപാടിയ്ക്കിടെ പരാതി പറയാൻ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. കൊല്ലം ഡിസിസി അദ്ധ്യക്ഷ ബിന്ദു കൃഷ്ണയാണ് പരാതി നൽകിയത്.

പരാതി പറയാൻ വിളിച്ച സ്ത്രീയോട് നീതിരഹിതമായി പെരുമാറിയെന്ന വാർത്ത ജോസഫൈൻ നിഷേധിച്ചിരുന്നു. അങ്ങനെ പെരുമാറിയിട്ടില്ലെന്നും ആരോപണം നിഷേധിക്കുന്നുവെന്നുമാണ് ജോസഫൈൻ പ്രതികരിച്ചത്. ഞാനും ഒരു സാധാരണ സ്ത്രീയാണ്. പോലീസിൽ പരാതി കൊടുക്കൂ എന്നാണ് പറഞ്ഞത്. അല്ലാതെ തെറിയൊന്നും പറഞ്ഞിട്ടില്ലെന്നും പരാതി നൽകിയിട്ടില്ലെങ്കിൽ അനുഭവിച്ചോളൂ എന്ന് താൻ പറഞ്ഞിട്ടില്ലെന്നും ജോസഫൈൻ പറഞ്ഞു.

സ്വകാര്യ ചാനലിൽ നടന്ന ലൈവ് ഷോയിൽ ഗാർഹികപീഡന പരാതി പറഞ്ഞ യുവതിയോടാണ് എം.സി ജോസഫൈൻ നീതിരഹിതമായി പ്രതികരിച്ചതെന്നാണ് ആരോപണം . ഭർതൃവീട്ടിൽ പീഡനം അനുഭവിക്കുന്ന യുവതി പോലീസിൽ പരാതി നൽകിയില്ലെന്ന് പറഞ്ഞതോടെ ‘എന്നാ പിന്നെ അനുഭവിച്ചോ’ എന്ന മറുപടിയാണ് ജോസഫൈൻ നൽകിയത്.

‘2014ൽ ആണ് കല്യാണം കഴിഞ്ഞത്. ഭർത്താവ് വിദേശത്ത് പോയ ശേഷം അമ്മായിയമ്മ ശാരീരികമായി മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ട്. ഭർത്താവിൽ നിന്നും സമാനമായ പീഡനമേറ്റതായും യുവതി വനിതാകമീഷന് ഫോണിലൂടെ നൽകിയ പരാതിയിൽ പറയുന്നു. ഇത് കേട്ട ഉടൻ നിങ്ങൾ എന്ത് കൊണ്ട് പോലീസിൽ പരാതി നൽകിയില്ലെന്നാണ് ജോസഫൈൻ ചോദിച്ചത്. താൻ ആരെയും അറിയിച്ചില്ലെന്ന് യുവതി മറുപടി നൽകുന്നുണ്ട്. ‘എന്നാൽ പിന്നെ അനുഭവിച്ചോ’ എന്നാണ് യുവതിക്ക് ജോസഫൈൻ നൽകിയ മറുപടി. ഈ വീഡിയോ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ ജോസഫൈനെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.

Related Articles

Back to top button