HealthKeralaLatest

ഷിഗെല്ല: കുട്ടിക്കളിയല്ല, കരുതിയിരിക്കണം

രോഗം ബാധിക്കുന്നത് കൂടുതലും കുട്ടികളെ

“Manju”

പരവൂർ∙ ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവിദഗ്ധർ. കൂടുതലും കുട്ടികളിൽ ഈ രോഗബാധ പടരുന്നതിനാൽ ജാഗ്രത അനിവാര്യമാണ്. മലിന ജലത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും പെരുകുന്നതും പടരുന്നതും. ശരീരത്തിനകത്ത് എത്തുന്ന ഷിഗെല്ല ബാക്ടീരിയകൾ ആമാശയം, വൻകുടൽ എന്നിവയെയാണ് പ്രധാനമായും ബാധിക്കുക. ഇവ അവയവങ്ങളുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന വിഷവസ്തുക്കൾ ഉൽപ്പാദിപ്പിക്കുകയും ദഹനവ്യവസ്ഥയെ തകരാറിലാക്കി ഷിഗെല്ലോസിസ് എന്ന രോഗമായി മാറുകയും ചെയ്യുന്നു. വയറിളക്കമാണ് പ്രധാന ലക്ഷണം. രോഗം എളുപ്പത്തിൽ ബാധിക്കാൻ സാധ്യതയുള്ളത് കുഞ്ഞുങ്ങളെയാണ്, പ്രധാനമായും 5 വയസ്സിൽ താഴെയുള്ള കുട്ടികളിൽ. ഭക്ഷണ-കുടിവെള്ള കാര്യങ്ങളിലെ ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കുകയാണ് രോഗത്തെ അതിജീവിക്കാനുള്ള പ്രതിവിധി.

ലക്ഷണങ്ങൾ
വയറിളക്കമാണ് ഷിഗെല്ലാ ബാക്ടീരിയ ബാധയുടെ പ്രധാന ലക്ഷണം. ഇതിൽ രക്തത്തിന്റെ സാന്നിധ്യവുമുണ്ടാകും (അതിസാരം), കടുത്ത പനിയും ഉണ്ടാകും. തുടർച്ചയായ വയറിളക്കം കാരണം ഉണ്ടാകുന്ന നിർജലീകരണം മരണത്തിന് കാരണമായേക്കാം. ചെറിയ കുട്ടികളിൽ ജെന്നി വരാനുള്ള സാധ്യതയുമുണ്ട്.

ഷിഗെല്ലാ ബാക്ടീരിയ മനുഷ്യരിലേക്ക് പ്രവേശിക്കാനുള്ള സാധ്യതകൾ
∙ ഷിഗെല്ല സാന്നിധ്യമുള്ള വസ്തുക്കളിൽ തൊടുന്നത്.
∙ ശുചിയില്ലാത്ത ഭഷണം, മലിനമായ ജലം എന്നിവ ഉപയോഗിക്കുന്നത്.
∙ രോഗബാധിതനായ കുഞ്ഞിന്റെ ഡയപ്പർ മാറ്റുന്നതു വഴി.
∙ രോഗിയെ പരിചരിക്കുന്നതിലൂടെയും രോഗി ഉപയോഗിച്ച ശുചിമുറിയുടെ ഉപയോഗത്തിലൂടെയും.
∙ രോഗി പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെ.
∙ തടാകങ്ങൾ, കുളങ്ങൾ എന്നിവയിലെ വെള്ളത്തിലൂടെ
∙ രോഗിയുമായുള്ള ലൈംഗികബന്ധത്തിലൂടെ

പ്രതിരോധ വാക്സിൻ ലഭ്യമല്ലാത്തതിനാൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ് പ്രധാന പ്രതിരോധ മാർഗം
∙ കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകി സൂക്ഷിക്കുക
∙ രോഗിയുടെ മലവും മറ്റു വിസർജ്ജ്യങ്ങളും പറ്റിയ തുണികൾ അണുനാശിനി ഉപയോഗിച്ചു വൃത്തിയാക്കുക.
∙ വയറിളക്കമുള്ള കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പറഞ്ഞു വിടാതിരിക്കുക.
∙ കുടിവെള്ളം തിളപ്പിച്ചാറിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
∙ കിണറുകൾ ക്ലോറിനേഷൻ നടത്തുക.
∙ രോഗ ബാധിതർ നിർജ്ജലീകരണം ഒഴിവാക്കാൻ ദ്രാവക രൂപത്തിലെ പദാർഥങ്ങൾ, ശുദ്ധജലം എന്നിവ കുടിക്കുക, ഡോക്ടറുടെ നിർദേശാനുസരണം ഒആർഎസ് ലായനി കുടിക്കുക.
∙ വയറിളക്കത്തിലൂടെ രക്തം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ എത്രയും പെട്ടെന്നു ഡോക്ടറെ സമീപിക്കുക.
∙ ഷിഗെല്ലാ വൈറസിലൂടെ ആമാശയ ഭിത്തിയിൽ മുറിവുണ്ടാകാൻ സാധ്യതയുണ്ട്. അതിലൂടെ രക്തത്തിലേക്ക് ഈ വൈറസ് കടന്നാൽ മരണം വരെ സംഭവിക്കാം.
∙ രോഗം ഭേദമായാലും കുറച്ചു ദിവസത്തേക്കു സൂക്ഷിക്കുന്നത് ഉത്തമമായിരിക്കും.

Related Articles

Back to top button