KeralaLatest

ശബരിമല തീർത്ഥാടനം: മലചവിട്ടാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

“Manju”

തിരുവനന്തപുരം: ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിന് ആരോഗ്യവകുപ്പിന്റെ മാർഗനിർദേശം പുറത്തിറങ്ങി. തീർഥാടകർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നിലയ്ക്കൽ എത്തുന്നതിന് 24 മണിക്കൂർ മുൻപ് പരിശോധിച്ച് കോവിഡ് ഇല്ലെന്ന് ഉറപ്പ് വരുത്തണം.

സാമൂഹിക അകലം, കൈകൾ വൃത്തിയാക്കുന്നത് അടക്കമുള്ള കോവിഡ് പൊതു മാർഗനിർദേശം പാലിക്കണം. ആന്റിജൻ പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും മാർഗനിർദേശം പാലിക്കണം. ദിവസവും മലചവിട്ടാവുന്ന തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തണം. ശബരിമലയിൽ എത്തിയാൽ 30 മിനിറ്റ് ഇടവിട്ടെങ്കിലും കൈകൾ വൃത്തിയാക്കണം. മല കയറുമ്പോഴും ദർശനത്തിനു നിൽക്കുമ്പോഴും രണ്ട് അടി അകലം പാലിക്കണമെന്നും മാസ്‌ക്ക് ഉറപ്പായും ധരിക്കണമെന്നും നിർദേശിക്കുന്നു.

കോവിഡ് സൂപ്പർ സ്പ്രെഡ് സാഹചര്യം ഒഴിവാക്കാൻ നിയന്ത്രണങ്ങൾ വേണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. കോവിഡ് വ്യാപനം ഒഴിവാക്കാൻ മൂന്ന് -“സി” കൾ ഒഴിവാക്കണം. അതായത് 1. ക്ലോസ്ഡ് സ്പെയ്സ്, അഥവാ അടഞ്ഞ വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങൾ, 2. ക്രൗഡഡ് സ്പെയ്സ് അഥവാ ആൾക്കൂട്ട സ്ഥലങ്ങൾ, 3. ക്ലോസ് കോൺടാക്ട് അഥവാ അടുത്ത് ഇടപെടൽ എന്നിവ പൂർണമായും ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് സർക്കുലറിൽ പറയുന്നു.

കോവിഡ് ഭേദമായവർ ആണെങ്കിൽ കൃത്യമായ ശാരീരിക ക്ഷമത പരിശോധന നടത്തി ആരോഗ്യം ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രം മല കയറണം. രോഗലക്ഷണങ്ങൾ ഇല്ലാതെ കോവിഡ് വന്ന് പോയവർ ഉണ്ടാകും. അതിനാൽ തീർത്ഥാടനത്തിന് ആഴ്ചയ്ക്ക് മുൻപ് തന്നെ വ്യായാമം തുടങ്ങി ശാരീരിക ക്ഷമത ഉറപ്പ് വരുത്തണം.

ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ ഉള്ളവർ തീർഥാടനത്തിൽ നിന്ന് മാറി നിൽക്കണം. നിലയ്ക്കലിലും പമ്പയിലും ആളുകൾ കൂടുന്നത് ഒഴിവാക്കണം. ശുചിമുറികൾ കൃത്യമായ ഇടവേളയിൽ അണുനശീകരണം നടത്തണം. തീർഥാടകർക്ക് ഒപ്പം വരുന്ന ഡ്രൈവർമാർക്കും സഹായികൾക്കും ഈ മാർഗ നിർദേശം ബാധകമാണെന്നും ആരോഗ്യ സെക്രട്ടറി പുറത്തിറക്കിയ മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു.

Related Articles

Back to top button