KeralaLatest

മൂവാറ്റുപുഴ ഇനി സമ്പൂര്‍ണ ഡിജിറ്റല്‍

“Manju”

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തില്‍ നഗര- ഗ്രാമ വ്യത്യാസമില്ലാതെ ഇനി എല്ലായിടത്തും 4ജി നെറ്റ് വര്‍ക്ക് സൗകര്യം. ഡിജിറ്റല്‍ മൂവാറ്റുപുഴ പദ്ധതിക്കാണ് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചത്.
മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഇന്റര്‍നെറ്റ് വേഗതയിലെ വ്യത്യാസം ഇല്ലാതാക്കി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുല്ല്യത ഉറപ്പു വരുത്തുന്നതിന് കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
റിലയന്‍സ് ജിയോയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുക. ഇത് സംബന്ധിച്ച് ധാരണാ പത്രം ഒപ്പ് വെച്ചു. കേരളത്തിലെ 4ജി ആക്കുന്ന ആദ്യ നിയേജക മണ്ഡലം കൂടിയാണ് മൂവാറ്റുപുഴ.
കുഴല്‍നാടന്‍ തന്റെ ആദ്യ നിയമസഭാ സബ്മിഷനില്‍ ഉന്നയിച്ച ഡിജിറ്റല്‍ വൈവിധ്യം ഇല്ലതാക്കുകയെന്ന പദ്ധതിക്ക് സ്വന്തം മണ്ഡലത്തിലൂടെ തുടക്കം കുറിച്ചിരിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ മണ്ഡലത്തില്‍ എല്ലായിടത്തും 4ജി ലഭ്യമാക്കുമെന്നാണ് ധാരണ.
അതിന് ശേഷം മണ്ഡലത്തില്‍ എവിടെയെങ്കിലും 4ജി നെറ്റ്‌വര്‍ക് ലഭ്യമല്ലെങ്കില്‍ ഉപഭോക്താവിന് പരാതി അറിയിക്കാവുന്നതാണ്. ഉടന്‍ തന്നെ പരിഹാരം കാണുമെന്ന് കുഴല്‍നാടന്‍ പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടം ഡിജിറ്റല്‍ ഡിവൈഡ് അവസാനിപ്പിക്കുകയെന്നതാണ്. ഇതിനായാണ് റിലയന്‍സുമായി കരാര്‍ ഒപ്പ് വെച്ചത്. വിവിധ ടെലികോം ഉപഭോക്താക്കളുമായി പദ്ധതിയുടെ നടത്തിപ്പിനായി ചര്‍ച്ച നടത്തിയെങ്കിലും ആരും തയാറാകാതിരുന്ന സാഹചര്യത്തില്‍ റിലയന്‍സ് പദ്ധതി ഏറ്റെടുക്കുകയായിരുന്നു. രണ്ടാം ഘട്ടം ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പഠിക്കുന്ന പഠന സൗകര്യം ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ ലഭ്യമാക്കുകയാണ്. പ്രിന്‍സിപ്പല്‍മാരും പഞ്ചായത്ത് പ്രസിഡന്റുമാരും എംഎല്‍എയും ചേര്‍ന്ന് നേതൃത്വം നല്‍കിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് പ്രിന്‍സിപ്പല്‍ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കും. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് അപ്രൂവ് ചെയ്യുകയും എല്‍എല്‍എക്ക് കൈമാറുകയുമാണ് ചെയ്യുന്നത്.
101 മൊബൈല്‍ ഫോണുകള്‍ ഇതിനകം തന്നെ എംഎല്‍എയുടെ നേതൃത്വത്തില്‍ വാങ്ങി വിതരണം ആരംഭിച്ചു. മൂവാറ്റുപുഴ റോട്ടറി ക്ലബുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി റോട്ടറി ക്ലബ് ഡിജിറ്റല്‍ മൂവാറ്റുപുഴ പദ്ധതിയിലേക്ക് രണ്ട് ലക്ഷം രൂപ ആദ്യ ഘടുവായി നല്‍കി.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ യോഗം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ പ്രോജക്ട് വിശദീകരിച്ചു. അഡ്വ. ജോണി മെത്തിപ്പാറ (റോട്ടറി ക്ലബ് മൂവാറ്റുപുഴ), സിബി ജയിംസ് (പ്രസിഡന്റ് റോട്ടറി ക്ലബ് മൂവാറ്റുപുഴ), ഹരികൃഷ്ണന്‍, ജയശങ്കര്‍, ഉല്ലാസ് തോമസ് (എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), ശ്രീനാ് വിഷ്ണു, ഡോ. കെ.വി. തോമസ് (നിര്‍മല കോളജ് പ്രിന്‍സിപ്പല്‍), പ്രശാന്ത് പണിക്കര്‍ (ഡപ്യൂട്ടി ജനറല്‍ മാനേജര്‍ റിലയന്‍സ് ജിയോ), ഡോ. ജോബി പരപ്പുറം എന്നിവര്‍ പങ്കെടുത്തു.
ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണമെന്ന് എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. അല്ലങ്കിൽ സ്വന്തം നിലക്ക് തന്റെ മണ്ഡലത്തിൽ നടപ്പിലാക്കുമെന്നും എംഎൽഎ പറഞ്ഞിരുന്നു. ഇതാണ് മാത്യു കുഴൽ നാടൻ നടപ്പിലാക്കുന്നത്.

Related Articles

Back to top button