India

ആഭ്യന്തര വിമാനടിക്കറ്റ് നിരക്കിലെ പരിധി പിൻവലിച്ച് കേന്ദ്രം

“Manju”

ന്യൂഡൽഹി: കൊറോണക്കാലത്ത് കേന്ദ്രസർക്കാർ ആഭ്യന്തര വിമാന ടിക്കറ്റിന് ഏർപ്പെടുത്തിയ പരിധി പിൻവലിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ധന വിലയും, വിമാന കമ്പനികളുടെ നിരന്തര അഭ്യർത്ഥനയും കണക്കിലെടുത്താണ് നടപടി.

ആഗസ്റ്റ് 31 മുതൽ പുതിയ ഉത്തരവ് നിലവിൽ വരും. ഇതോടെ വിമാനക്കമ്പനികൾക്ക് ആവശ്യാനുസരണം യാത്രക്കാരിൽ നിന്നും ടിക്കറ്റ് നിരക്ക് ഈടാക്കാം. കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഇതും ഇന്ധനത്തിന്റെ വില വർദ്ധനവും ആവശ്യകതയും പരിഗണിച്ചാണ് വിമാന കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമായിരുന്നു വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ തീരുമാനം.

2020 മെയ് 25 മുതലാണ് കേന്ദ്രസർക്കാർ വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ചത്. ഏഴ് വിഭാഗങ്ങളായി തിരിച്ചായിരുന്നു വിമാന ടിക്കറ്റുകൾ പരിധി നിശ്ചയിച്ചിരുന്നത്. 0-30 മിനിറ്റുവരെ ദൈർഘ്യം എടുക്കുന്ന യാത്രകൾക്ക് കുറവ് നിരക്കും, 180-210 മിനിറ്റുകൾ വരെയുള്ള യാത്രകൾക്ക് കൂടിയ നിരക്കുമായിരുന്നു ഈടാക്കിയിരുന്നത്. ഇത് പ്രകാരം ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് 3500നും 10,000 ഇടയിലായിരുന്നു ടിക്കറ്റ് നിരക്ക് യാത്രക്കാരിൽ നിന്നും വാങ്ങിയിരുന്നത്.

പരിധി പിൻവലിച്ചുള്ള കേന്ദ്രതീരുമാനം ഭാവിയിൽ വ്യോമയാന രംഗത്തെ പുരോഗതിയ്‌ക്ക് ഗുണം ചെയ്യുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഇന്ധനത്തിന്റെ ദിവസേനയുള്ള ആവശ്യകതയും, നിരക്ക് വർദ്ധനയും കണക്കിലെടുത്താണ് പരിധി പിൻവലിക്കാനുള്ള തീരുമാനമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Related Articles

Back to top button