IndiaLatest

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും

“Manju”

ന്യൂഡല്‍ഹി: അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. രാവിലെ 11 മണിക്ക് രാജ്യതലസ്ഥാനത്തെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ഇതോടൊപ്പം ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് സമ്മാനിക്കും.

ഇക്കുറി 11 പുരസ്‌കാരങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയിരിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച സിനിമയ്‌ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങും. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടം സ്വന്തമാക്കി. ഹെലനിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മാത്തുകുട്ടി സേവിയര്‍ ഏറ്റുവാങ്ങും. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ജെല്ലിക്കട്ടിലൂടെ ഗിരീഷ് ഗംഗാധരനാണ് സ്വന്തമാക്കിയത്.
മികച്ച നടിക്കുള്ള പുരസ്‌കാരം കങ്കണ റണാവത്തും മികച്ച നടനുള്ള പുരസ്‌കാരം ധനുഷും മനോജ് ബാജ്പേയിയും ഏറ്റുവാങ്ങും. സഞ്ജയ് പൂരണ്‍ സിംഗ് ചൗഹാനാണ് മികച്ച സംവിധായകന്‍. മികച്ച സഹനടനുള്ള പുരസ്‌കാരം സൂപ്പര്‍ ഡീലക്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയ് സേതുപതിയും ഏറ്റുവാങ്ങും. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെടാത്ത പ്രത്യേക ഭാഷാ വിഭാഗത്തില്‍ മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിരയ്‌ക്കും പുരസ്‌കാരമുണ്ട്.

Related Articles

Back to top button