IndiaLatest

റോസ്ഗര്‍ മേളയില്‍ ഉദ്യോഗാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: വിവിധ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകളിലേക്ക് 70,000 പേരെ നിയമിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോണ്‍ഫറൻസ് വഴിയായിരുന്നു നിയമനം നല്‍കിയ വിവരം അദ്ദേഹം പങ്കുവെച്ചത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃതകാലം ആഘോഷിക്കുന്ന കാലഘട്ടത്തില്‍ സര്‍ക്കാര്‍ ജീവനക്കാരനായി പ്രവര്‍ത്തിക്കാൻ അവസരം ലഭിക്കുന്നത് ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള പ്രമേയം ഈ രാജ്യത്തെ ജനങ്ങള്‍ ഏറ്റെടുത്തുവെന്നും അതിനുള്ള ഉദാഹരണമാണ് ഉദ്യോഗാര്‍ത്ഥികളുടെ കടന്നുവരവെന്നും ചടങ്ങില്‍ നിയമിതരായവരെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത 25 വര്‍ഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഇടംപിടിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതുവഴി തൊഴിലവസരങ്ങളും പൗരന്മാരുടെ വരുമാനവും വര്‍ദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാങ്കിംഗ് മേഖലയില്‍ രാജ്യം കൈവരിക്കുന്ന പുരോഗതിയെ ലോക രാജ്യങ്ങള്‍ പോലും മാതൃകയാക്കുന്നു. കഴിഞ്ഞ ഒൻപത് വര്‍ഷം കൊണ്ട് രാജ്യത്തുണ്ടായ മാറ്റങ്ങള്‍ വളരെ വലുതാണ്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വൻ തകര്‍ച്ച നേരിട്ട ബാങ്കിംഗ് മേഖലയെയാണ് കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങള്‍ കൊണ്ട് കരകയറ്റാനായത്. ഡിജിറ്റലായി ബാങ്ക് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താൻ ഇന്ന് ഭാരതീയര്‍ക്കാകുന്നു. പാവപ്പെട്ടവരെ സഹായിക്കാനായി നിരവധി സംവിധാനങ്ങളാണ് രാജ്യത്ത് ഇന്നുള്ളത്. പലിശ രഹിതവും കുറഞ്ഞ പലിശയുള്ളതുമായ നിരവധി ലോണുകളും മറ്റ് സാമ്പത്തിക സഹായങ്ങളുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്ത് വമ്പൻ അഴിമതികള്‍ നടന്ന സ്ഥാനത്താണ് ബൃഹത്തായ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞതെന്നും അദ്ദേഹം സൂചിപ്പിച്ചു.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച റോസ്ഗര്‍ മേളയുടെ ഏഴാം ഘട്ടമാണ് ഇന്ന് നടന്നത്. രാജ്യത്ത് 44 ഇടങ്ങളിലായി 70,000 പേര്‍ക്ക് നിയമനക്കത്ത് കൈമാറും. രാജ്യത്തുടനീളം തിരഞ്ഞെടുക്കുന്നവരെ റവന്യൂ വകുപ്പ്, ധനകാര്യ സേവന വകുപ്പ്, തപാല്‍ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം , ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, ജലവിഭവ വകുപ്പ്, ആഭ്യന്തര മന്ത്രാലയം തുടങ്ങി വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമാണ് നിയമനം.

Related Articles

Back to top button