International

കാനഡയിൽ വീണ്ടും അജ്ഞാത കുഴിമാടങ്ങൾ

“Manju”

ഓട്ടാവ : കാനഡയിലെ ഈസ്റ്റ് റജീനയിൽ നൂറ് കണക്കിന് മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. സാസ്‌കാറ്റ്ചെവാനിൽ മാരിവൽ ഇന്ത്യൻ റസിഡെൻഷ്യൽ സ്‌കൂളിന് ഉണ്ടായിരുന്ന പ്രദേശത്താണ് സംഭവം. ദി കൗവെസസ് ഫസ്റ്റ് നേഷനിൽ നിന്നാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നത്.

നേരത്തെ സ്‌കൂൾ ഉണ്ടായിരുന്ന പ്രദേശത്ത് നടത്തിയ റഡാർ പരിശോധനയിലാണ് കുഴിമാടങ്ങൾ കണ്ടെത്തിയത്. രാജ്യത്ത് തന്നെ ഇതാദ്യമായാണ് ഇത്രയധികം കുഴിമാടങ്ങൾ കണ്ടെത്തുന്നത് എന്ന് ദി ഫെഡറേഷൻ ഓഫ് സോവറിൻ ഇൻഡിജെനസ് നേഷൻ അറിയിച്ചു. 1899-1997 കാലഘട്ടത്തിൽ മാരിവൽ ഇന്ത്യൻ റെസിഡന്റ്‌സ് സ്‌കൂളിൽ തദ്ദേശീയ ജനങ്ങളെ പാർപ്പിച്ചിരുന്നു എന്നാണ് വിവരം. കത്തോലിക്കാ മിഷണറിയാണ് ഇത് നടത്തിയിരുന്നത്.

കാനഡയിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞിരുന്ന കുട്ടികളെ ഇവിടെയെത്തിച്ച് നിർബന്ധിത മതപഠനം ഉൾപ്പെടെ നടത്തുകയായിരുന്നു. ഒന്നരലക്ഷത്തോളം കുട്ടികളേയാണ് ഇവിടെയെത്തിച്ചിരുന്നത്. ആളുകളെ ക്രിസ്ത്യൻ മതം സ്വീകരിക്കാൻ നിർബന്ധിക്കുകയും മാതൃഭാഷ സംസാരിക്കുന്നതിൽ നിന്നും വിലക്കുകയും ചെയ്തിരുന്നു. ആറായിരത്തോളം പേർ ഇവിടെ വെച്ച് കൊല്ലപ്പെട്ടു എന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

നേരത്തെയും ഇതിന് സമാനമായ സംഭവങ്ങൾ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. 215 ഓളം കുട്ടികളുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ മാസം മറ്റൊരു സ്‌കൂളിന് സമീപത്ത് നിന്നും കുഴിച്ചെടുത്തത്. ബ്രിട്ടീഷ് കൊളംബിയയിലെ കാംലൂപ്‌സിലായിരുന്നു സംഭവം. ഇതിലൂടെ രാജ്യത്ത് കുട്ടികളുടെ കൂട്ടിക്കുരുതി നടന്നിരുന്നു എന്നതിന്റെ തെളിവുകളാണ് ലഭിച്ചത്. ഇതും അത്തരത്തിലുള്ള ഒരു സംഭവമാണെന്നും അധികൃതർ സംശയിക്കുന്നു.

Related Articles

Back to top button