InternationalLatest

ദുബൈ ഗ്ലോബല്‍ വില്ലേജ് ഇന്ന് വീണ്ടും മിഴിതുറക്കും

“Manju”

ദുബൈ: ലോകരാജ്യങ്ങളുടെ വിനോദത്തിന്റെയും വ്യാപാരത്തിന്റെയും സംഗമഗ്രാമമായ ദുബൈ ഗ്ലോബല്‍ വില്ലേജിന്റെ 27ാം സീസണ്‍ ചൊവ്വാഴ്ച വൈകുന്നരം ആറുമണിക്ക് ആരംഭിക്കും.
പുതിയ ആകര്‍ഷണങ്ങളും വിനോദങ്ങളും ഉള്‍പ്പെടുത്തിയാണ് ഇത്തവണ ആഗോള ഗ്രാമം ആരാധകര്‍ക്കായി മിഴിതുറക്കുന്നത്. 2023ഏപ്രില്‍ വരെയാണ് പുതിയ സീസണ്‍ അരങ്ങേറുക. എല്ലാദിവസവും വൈകുന്നേരം നാലു മുതല്‍ അര്‍ധരാത്രിവരെയാണ് നഗരിലേക്ക് പ്രവേശനം അനുവദിക്കുക. വാരാന്ത്യങ്ങളില്‍ പുലര്‍ച്ചെ ഒരു മണി വരെ പ്രവര്‍ത്തിക്കും. 3,500ലധികം ഷോപ്പിങ് ഔട്ട്‌ലെറ്റുകളും 250-ലധികം റെസ്റ്റോറന്‍റുകളും കഫേകളും സ്ട്രീറ്റ് ഫുഡ് കടകളും വില്ലേജില്‍ ഒരുക്കിയിട്ടുണ്ട്.
എങ്ങനെ എത്തിച്ചേരാം: സഞ്ചാരികളെ എത്തിക്കുന്നതിനായി ആര്‍.ടി.എ നാല് റൂട്ടുകളില്‍ ബസ് സര്‍വീസ് ചൊവ്വാഴ്ച മുതല്‍ പുനഃരാരംഭിക്കും. ഓരോ മണിക്കൂര്‍ ഇടവിട്ട് ബസ് സര്‍വീസുണ്ടാകും. റാശിദിയ്യ സ്റ്റേഷനില്‍ നിന്ന് 102 നമ്പര്‍ ബസും, ഗുബൈബ സ്റ്റേഷില്‍ നിന്ന് 104 നമ്പര്‍ ബസും, എമിറേറ്റ്സ് മാള്‍ സ്റ്റേഷനില്‍ നിന്ന് 106 നമ്പര്‍ ബസും ഗ്ലോബല്‍ വില്ലേജിലേക്ക് സര്‍വീസ് നടത്തും. ഈ ബസുകള്‍ ഓരോ മണിക്കൂറിലും സര്‍വീസ് നടത്തുമ്പോള്‍ യൂണിയന്‍ ബസ് സ്റ്റേഷനില്‍ നിന്ന് 103 നമ്പര്‍ ബസ് ഓരോ 40 മിനിറ്റിലും ആഗോളഗ്രാമത്തിലേക്ക് സഞ്ചാരികളെ എത്തിക്കുമെന്ന് ആര്‍.ടി.എ അറിയിച്ചു. കാറില്‍ വരുന്നവര്‍ക്ക് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍(ഇ-311) എക്സിറ്റ് 37 വഴി ഗ്ലോബല്‍ വില്ലേജിലേക്ക് പ്രവേശിക്കാം.
ടിക്കറ്റ് നിരക്ക് : സന്ദര്‍ശകര്‍ക്ക് ഓണ്‍ലൈനായും കൗണ്ടറുകളിലും ടിക്കറ്റ് വാങ്ങാം. ഓണ്‍ലൈനില്‍ വാങ്ങുമ്പോള്‍ 10 ശതമാനം കുറഞ്ഞ വിലയില്‍ ടിക്കറ്റ് ലഭിക്കും. ഞായര്‍ മുതല്‍ വ്യാഴം വരെ (പൊതുഅവധി ദിവസങ്ങള്‍ ഒഴികെ) ഉപയോഗിക്കാവുന്ന പുതിയ ടിക്കറ്റ് ഈ സീസണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഞായര്‍ മുതല്‍ വ്യാഴം വരെ പ്രവേശനം അനുവദിക്കുന്ന ടിക്കറ്റിന്(വാല്യൂ ടിക്കറ്റ്) 20ദിര്‍ഹമും ഏത് ദിവസവും പ്രവേശിക്കാവുന്ന ടിക്കറ്റിന്(എനി ഡേ ടിക്കറ്റ്) 25ദിര്‍ഹമുമാണ് നിരക്ക്. ഗ്ലോബല്‍ വില്ലേജിന്‍റെ വെബ്സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റെടുക്കുന്നവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ക്കും 10ശതമാനം കുറവ് ലഭിക്കും.

Related Articles

Back to top button