Kerala

പഴയ ഒരു രൂപയുണ്ടോ; വഞ്ചിതരാകരുത്: കേരള പോലീസ്

“Manju”

തിരുവനന്തപുരം : പഴയ നാണയങ്ങൾക്കും, നോട്ടുകൾക്കും ലക്ഷങ്ങൾ വില ലഭിക്കുന്നുവെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ മുന്നറിപ്പുമായി പോലീസ്. വൻ തട്ടിപ്പ് സംഘമാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോലീസ് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഒൺലൈൻ പരസ്യത്തിൽ ആകൃഷ്ടയായി പഴയ നാണയം വിൽപ്പനയ്ക്കുവെച്ച ബംഗളൂരു സ്വദേശിയായ അദ്ധ്യാപികയ്ക്ക് ഒരു ലക്ഷം രൂപയിലധികം നഷ്ടമായിരുന്നു. ഇത് ഉദാരഹണമായി ചൂണ്ടിക്കാട്ടിയാണ് പോലീസ് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. പരസ്യത്തിൽ ആരും വഞ്ചിതരാകരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

പഴയ ഒരു രൂപയുണ്ടോ ആയിരങ്ങൾ സമ്പാദിക്കാം. ഈ പരസ്യത്തിൽ വഞ്ചിതരാകരുത്. പഴയ നാണയങ്ങൾക്കും നോട്ടുകൾക്കും ലക്ഷങ്ങൾ വില ലഭിക്കുന്നു എന്ന രീതിയിൽ ഓൺലൈനിൽ നിരവധി വാർത്തകൾ വരുന്നുണ്ട്. നിലവിലുള്ളതും നിരോധിച്ചതുമായ നോട്ടുകൾക്കാണ് മോഹവില വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇതിനു പിന്നിൽ വൻ തട്ടിപ്പാണ് അരങ്ങേറുന്നത്.

ഇത്തരത്തിൽ ലക്ഷങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഓൺലൈനിൽ പഴയ ഒരു രൂപ വിൽപ്പനയ്ക്കുവെച്ച ബാംഗ്ലൂർ സ്വദേശിയായ വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപയാണ്. ഓൺലൈനിലെ പരസ്യം കണ്ട് തൻറെ കൈയ്യിലുള്ള 1947 ലെ നാണയം വിൽപ്പനയ്ക്ക് വച്ചപ്പോൾ 10 ലക്ഷം രൂപയാണ് അതിന് വില നിശ്ചയിച്ചത്. തുടർന്ന് ഇവരെ തേടി ഒരു കോടി രൂപ നൽകാം നാണയം വിൽക്കുന്നോ എന്ന് ചോദിച്ച് തട്ടിപ്പുകാർ ബന്ധപ്പെട്ടു. ആ ഓഫർ വിശ്വസിച്ച വീട്ടമ്മ ഡീൽ ഉറപ്പിക്കുകയും തൻറെ വിവരങ്ങളും ബാങ്ക് അക്കൌണ്ട് വിവരങ്ങളും നൽകുകയും ചെയ്തു.

അതേ സമയം ഒരു കോടി രൂപ കൈമാറ്റം ചെയ്യണമെങ്കിൽ, ആദായ നികുതിയായി ഒരു ലക്ഷത്തിലേറെ രൂപ അടയ്‌ക്കേണ്ടിവരുമെന്ന് തട്ടിപ്പുകാർ അറിയിച്ചു. അത് വിശ്വസിച്ചു പലതവണയായി ഒരു ലക്ഷത്തിലേറെ രൂപ കൈമാറി. എന്നാൽ പണം കൈമാറിയിട്ടും മറുഭാഗത്ത് നിന്നും പ്രതികരണമില്ലാത്തപ്പോഴാണ് പണം തട്ടാനുള്ള കെണിയായിരുന്നെന്ന് അവർ മനസിലാക്കിയത്.

Related Articles

Back to top button