India

ഇരട്ട സ്‌ഫോടനം: ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് ഡിജിപി

“Manju”

ശ്രീനഗർ: ജമ്മു കശ്മീരിലെ വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനം ഭീകരാക്രമണം ആണെന്ന് സ്ഥിരീകരിച്ച് ഡിജിപി ദിൽബാഗ് സിംഗ്. ഡ്രോൺ ഉപയോഗിച്ച് സ്‌ഫോടക വസ്തു വർഷിച്ചു എന്നാണ് സംശയിക്കുന്നതെന്നും സംയുക്ത അന്വേഷണം നടക്കുകയാണെന്നും ഡിജിപി പറഞ്ഞു. ജമ്മു കശ്മീരിലെ വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഉന്നതതല യോഗം ചേരുകയാണ്.

എൻഎസ്ജി ബോംബ് സ്‌ക്വാഡും ഫൊറൻസിക് വിഭാഗവും നാഷണൽ ഇന്റലിജൻസ് ഏജൻസിയും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. പരിശോധനയിൽ അഞ്ച് മുതൽ ആറ് കിലോയോളം ഭാരമുള്ള ഐഇഡികൾ കണ്ടെടുത്തു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അഞ്ച് മിനിറ്റ് വ്യത്യാസത്തിൽ രണ്ട് തവണയാണ് സ്‌ഫോടനം ഉണ്ടായത്.

ഡ്രോണുകൾ വിമാനത്താവളത്തിലേക്ക് ഇടിച്ചിറക്കിയുള്ള ആക്രമണരീതിയാണ് ഭീകരർ പരീക്ഷിച്ചത്. എന്നാൽ വ്യോമസേനയുടെ അറ്റകുറ്റപ്പണി നടക്കുന്ന ഭാഗത്ത് വീണ് ഡ്രോണുകൾ സ്വയം പൊട്ടിച്ചിതറുകയായിരുന്നു. വലിയ ഭീകരാക്രമണമാണ് ഒഴിവായത്. പരാജയപ്പെട്ട ഐഇഡി സ്‌ഫോടന ശ്രമത്തിൽ സംശയമുള്ള കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്നും ദിൽബാഗ് സിംഗ് വ്യക്തമാക്കി. കാര്യമായ നഷ്ടങ്ങൾ ഒന്നും തന്നെയുണ്ടായിട്ടില്ലെന്ന് വ്യോമസേനയും അറിയിച്ചു.

സർവകക്ഷിയോഗം നടക്കുന്ന സമയത്ത് ശ്രീനഗറിലും ജമ്മുവിലും സ്‌ഫോടനമുണ്ടാകുമെന്ന് ഇന്റലിജൻസ് വിവരമുണ്ടായിരുന്നു. ഇതിന് പിന്നാലെ അതിശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ സുരക്ഷ വർദ്ധിപ്പിച്ചു.

Related Articles

Back to top button