International

വർഷങ്ങൾക്ക് മുൻപ് മോഷണം പോയ പിക്കാസോ ചിത്രം കണ്ടെത്തി

“Manju”

ഏതൻസ്: ഇതിഹാസ ചിത്രകാരൻ പാബ്ലോ പിക്കാസോ വരച്ച അപൂർവ്വ ചിത്രം വുമൻസ് ഹെഡ് കണ്ടെത്തി. വർഷങ്ങൾക്ക് മുൻപ് മോഷണം പോയ ചിത്രമാണ് കണ്ടെത്തിയത്. ഒൻപത് വർഷങ്ങൾക്ക് മുൻപ് ഏതൻസിലെ നാഷണൽ ഗ്യാലറിയിൽ നിന്നാണ് ചിത്രം മോഷണം പോയത്. പിക്കാസോയുടെ ചിത്രം ഉൾപ്പെടെ മൂന്ന് ചിത്രങ്ങളാണ് അന്ന് ഗാലറിയിൽ നിന്നും മോഷണം പോയത്.

ഡച്ച് ചിത്രകാരനായ പീറ്റ് മൊൻഡ്രൈനിന്റെ വിൻഡ് മിൽ എന്ന ചിത്രവും മോഷണം പോയിരുന്നു. ഇതും പിക്കാസോയുടെ ചിത്രത്തിനൊപ്പം കണ്ടെത്തി. മൂന്നാമത്തെ ചിത്രം മോഷ്ടാക്കൾ റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു. 2012ലാണ് മോഷണം നടന്നത്. ഈ ചിത്രങ്ങൾ അവയുടെ ഫ്രെയിമുകളിൽ നിന്ന് വേർപ്പെടുത്തിയാണ് മോഷ്ടിക്കപ്പെട്ടിരുന്നത്.

ചിത്രങ്ങൾ എവിടെ നിന്നാണ് ലഭിച്ചതെന്നോ ചിത്രം ആരുടെ കയ്യിലായിരുന്നെന്നോ പോലീസ് വ്യക്തമാക്കിയിട്ടില്ല. ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനും പോലീസ് മറുപടി നൽകിയില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നാണ് പോലീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകിയ സൂചന.

പിക്കാസോ തന്നെയാണ് 1949 ൽ ചിത്രങ്ങൾ മ്യൂസിയത്തിന് സമ്മാനിച്ചത്. പത്ത് വർഷങ്ങൾക്ക് മുൻപ് വരച്ച ചിത്രത്തിൽ പിക്കാസോയുടെ ഒപ്പും രേഖപ്പെടുത്തിയിട്ടുണ്ട്. നാസികൾക്കെതിരായ ഗ്രീക്ക് ജനതയുടെ ചെറുത്തുനിൽപ്പിനോടുള്ള ബഹുമാന സൂചകമായാണ് താൻ ഈ ചിത്രം സമ്മാനിക്കുന്നതെന്നും പിക്കാസോ അന്ന് പറഞ്ഞിരുന്നു.

വലിയ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്ന മ്യൂസിയത്തിൽ നിന്നും വെറും ഏഴ് മിനിറ്റ് കൊണ്ടാണ് ചിത്രങ്ങൾ മോഷ്ടിച്ച് മോഷ്ടാക്കൾ കടന്നത്. സംഭവം അന്ന് ആഗോള തലത്തിൽ വാർത്തയായിരുന്നു. വലിയ അന്വേഷണങ്ങളും പ്രഖ്യാപിച്ചിരുന്നു. ഒരു ഗ്രീക്ക് കാരനെ അറസ്റ്റും ചെയ്തിരുന്നു. എന്നാൽ ചിത്രങ്ങൾ കണ്ടെത്താനായില്ല. ഇതിനിടെ ചിത്രങ്ങൾ തങ്ങളുടെ രാജ്യത്ത് തന്നെയുണ്ടെന്ന് വിശ്വസിക്കുന്നതായി ഗ്രീക്ക് പോലീസും വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button