Kozhikode

മീനങ്ങാടിയിൽ കടുവശല്യം: ക്യാമറയുമായി വനം വകുപ്പ്

“Manju”

കോഴിക്കോട്: കൽപ്പറ്റ മീനങ്ങാടി പഞ്ചായത്തിലുൾപ്പെട്ട സി.സി പ്രദേശത്ത് കടുവ ശല്യം രൂക്ഷമെന്ന് പ്രദേശവാസികൾ. ഇവരുടെ ആവശ്യത്തെ തുടർന്ന് നാട്ടിലിറങ്ങിയ കടുവയെ നിരീക്ഷിക്കാൻ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു. എന്നാൽ ക്യാമറ മാത്രം മതിയാകില്ലെന്നും കൂട് വെച്ച് കടുവയെ പിടികൂടണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. ജനവാസമേഖലയായ സി.സിയിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുവപ്പേടി നിലനിൽക്കുകയാണ്.

സമീപത്തെ എസ്‌റ്റേറ്റിൽ നിന്നാണ് കടുവകൾ ജനവാസ പ്രദേശങ്ങളിലേക്ക് എത്തുന്നതെന്നാണ് സൂചന. അതിനിടെ ഇവിടുത്തെ സ്‌കൂളിന് സമീപത്തെ തോട്ടത്തിൽ നിന്നും കടുവയുടെ അലർച്ച കേട്ടിരുന്നതായി നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചു. സ്‌കൂളിന്റെ പിറകിൽ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാർ നൽകിയ വിവരം ശരിയാണെന്ന് കണ്ടെത്തിയതോടെ വനംവകുപ്പ് വിവിധ സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുകയും നിരീക്ഷണം നടത്തുകയും ചെയ്തു.

കടുവയെ പിടികൂടുന്നതിനായി പോലീസിന്റെ സഹായവും വനംവകുപ്പ് ഉദ്യോഗസ്ഥർ തേടിയിട്ടുണ്ട്. ഇരുട്ടുന്നതിന് മുമ്പ് വീടുകളിലെത്താനും സുരക്ഷിതമായ വാഹനങ്ങളിൽ യാത്ര ചെയ്യാനും അടക്കമുള്ള നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർ ജനങ്ങൾക്ക് നൽകി. വളർത്തുമൃഗങ്ങളെ സുരക്ഷിതമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിരന്തര സാന്നിധ്യമുള്ളിടത്ത് വരുംദിവസങ്ങളിൽ കൂട് സ്ഥാപിക്കാനും ആലോചിക്കുന്നുണ്ട്.

Related Articles

Back to top button