KeralaLatest

സർക്കാരിന് വീഴ്ച്ച പറ്റിയെന്ന് : കെ.സുധാകരൻ എം.പി

“Manju”

പ്രജീഷ് വള്ള്യായി

സ്പ്രിംഗ്ളർ വിഷയത്തിൽ പ്രതിപക്ഷം ഉന്നയിച്ച ആശങ്കകളും ആരോപണങ്ങളും യാഥാർത്യം ആകുന്നുവെന്ന വസ്തുതയാണ് ഇന്ന് കണ്ണൂരിലെയും കാസർഗോട്ടെയും രോഗബാധിതരായ ആളുകളുടെ ഫോണുകളിലേക്കു അന്യസംസ്ഥാനങ്ങളിലെ ആശുപത്രികളിൽ നിന്ന് വന്ന ഫോൺ കോളുകൾ. തുടർചികിത്സക്കുള്ള ഓഫറുകൾ ആണ് ഈ ഫോൺ കോളുകളിലൂടെ ബന്ധപെട്ടവർക്ക്‌ വന്നത്.കേരളത്തിലെ രോഗികളുടെ വിവരങ്ങൾ എങ്ങനെ ഇവർക്കു ലഭിച്ചു എന്നതാണ് ഇവിടെ മുഖ്യ വിഷയം.

കർണാടകയിലെ ആശുപത്രികളിൽ ആയിരകണക്കിന് മലയാളികൾ വര്ഷങ്ങളായി ചികിത്സ തേടാറുണ്ട്. ഇതുപോലൊരു ഫോൺകാൾ ഒരു ആശുപത്രിയിൽ നിന്നും കേരളത്തിലെ ഒരു രോഗിക്കും ഇന്നുവരെ വന്നിട്ടില്ല.

സ്പ്രിംഗ്ലറിന്റെ വിവരശേഖരണത്തെ പറ്റിയുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ രാഷ്ട്രീയ മുതലെടുപ്പ് ആണെന്ന് ലാഘവത്തോടെ പറഞ്ഞ മുഖ്യമന്ത്രിക്കു ഇപ്പോൾ ഇതേക്കുറിച്ചു എന്തു പറയാനുണ്ട്?

മുഖ്യമന്ത്രിയും ഗവൺമെന്റും ഇതിൽ നിരപരാധികളാണെങ്കിൽ അവരുടെ നിരപരാധിത്വം തെളിയിക്കാൻ സ്വതന്ത്രമായൊരു അന്വേഷണം അനിവാര്യമാണ്.

പാർട്ടി പറയുന്നിടത്തു ഒപ്പുവെക്കുന്ന രണ്ടു അംഗങ്ങളെ അന്വേഷണ കമ്മീഷനായി വെച്ചതുകൊണ്ടോ മുഖ്യമന്ത്രി ആവശ്യപ്പെടുന്ന റിപ്പോർട്ട്‌ നൽകുന്ന വിജിലൻസിനെ അന്വേഷണത്തിന് ഉത്തരവാദപെടുത്തിയത് കൊണ്ടോ ഇതിന്റെ സത്യാവസ്ഥ പുറത്തുവരുമെന്ന് ആരും വിശ്വസിക്കില്ല. അതുകൊണ്ടാണ് ഇതിനപ്പുറത്തു സിബിഐ അന്വേഷിക്കണം എന്ന് ഞങ്ങൾ ആവശ്യപെടുന്നത്.

രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങൾ ശേഖരിക്കാൻ സ്‌പ്രിംഗ്‌ളറിനെ ചുമതലപ്പെടുത്തിയ സർക്കാർ ആ കരാർ ഐ.റ്റി സെക്രട്ടറിയുടെ തലയിൽ കെട്ടിവെച്ചു മുഖ്യമന്ത്രിക്ക് കവചം ഒരുക്കുകയാണ് ഉണ്ടായത്. അതിനു തുല്യമാണിപ്പോൾ സ്‌പ്രിംഗ്‌ളറിനെ രക്ഷിക്കാൻ പോലീസിനുമേൽ ഡാറ്റാ ചോർച്ചയുടെ ഉത്തരവാദിത്തം അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത്.

കണ്ണൂരിൽ സിപിഎം ജില്ലാ സെക്രട്ടറി രോഗികളുടെ വിവരങ്ങൾ തിരക്കി ഫോൺ വിളിച്ചപ്പോൾ തന്നെ വിവരങ്ങൾ ചോർന്നു എന്ന് വ്യക്തമായതാണ്. രോഗികളുടെ ഡേറ്റാ ചോർച്ച തുടർക്കഥയാകുന്ന ഈ സാഹചര്യത്തിൽ ഇതിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവരേണ്ടത് അനിവാര്യമാണ്.

സ്വന്തം നാട്ടിലെ പൗരന്മാരുടെ ആരോഗ്യ വിവരങ്ങള്‍ ചോരാതെ കാത്തു സൂക്ഷിക്കുന്നതില്‍ കേരളാ സര്‍ക്കാര്‍ കാട്ടിയ കെടുകാര്യസ്ഥതയാണ് കണ്ണൂരിലെയും കാസര്‍കോട്ടെയും ഡാറ്റാ ചോര്‍ച്ചയ്ക്ക് പിറകിലുള്ള അടിസ്ഥാന കാരണം. സ്പ്രിംഗളര്‍ കമ്പനിക്ക് നൽകിയ കരാറിലൂടെ അവർ ശേഖരിച്ച ഡേറ്റകൾ ആണോ ചോർന്നത് എന്ന് അന്വേഷിക്കണം .

കേരളത്തിലെ ജനങളുടെ സ്വകാര്യത വിറ്റു കാശാക്കാൻ ശ്രമിക്കുന്ന ഈ കൈമാറ്റത്തിന് പിന്നിലെ നീചന്മാരെ ജനമധ്യത്തിനു മുൻപിൽ കൊണ്ട് വരേണ്ടത് ഈ സമൂഹത്തിന്റെ ധർമമാണ്. അതുകൊണ്ട് തന്നെ സ്വതന്ത്രമായൊരു അന്വേഷണം അനിവാര്യമാണെന്ന് ഞങ്ങൾ ആവശ്യപെടുന്നു.

 

Related Articles

Leave a Reply

Back to top button