India

ബംഗാൾ കലാപം : അക്രമങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണം; ഹൈക്കോടതി

“Manju”

കൊൽക്കത്ത : തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിൽ നടന്ന അക്രമങ്ങൾക്കെതിരെ കേസെടുക്കാൻ സംസ്ഥാന പോലീസിനോട് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി. കലാപ ബാധിതരായ എല്ലാ ആളുകളുടേയും പരാതി സ്വീകരിച്ച് കേസെടുക്കാനാണ് നിർദ്ദേശം. ആക്രമണങ്ങളിൽ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകണമെന്നും മമത സർക്കാരിന് കോടതി നിർദ്ദേശം നൽകി.

തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ നരനായാട്ടാണ് നടന്നത്. വിജയം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ആരംഭിച്ച അക്രമങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നാണ് വിവരം. ഇത് സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. ബംഗാളിൽ ആക്രമണങ്ങൾക്ക് ഇരയായ എല്ലാവർക്കും റേഷൻ നൽകാനും നിർദ്ദേശമുണ്ട്. റേഷൻ കാർഡ് ഇല്ലാത്തവർക്കും ഭക്ഷണം ഉറപ്പുവരുത്തണം. ബംഗാൾ കലാപവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിച്ച് വെയ്ക്കണം എന്നും ചീഫ് സെക്രട്ടറി എച്ച് കെ ദ്വിവേദിയോട് കോടതി ആവശ്യപ്പെട്ടു.

വോട്ടെണ്ണലിന് പിന്നാലെ സംഘം ചേർന്നുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് അഭിജീത് സർക്കാരിന്റെ പോസ്റ്റ് മോർട്ടം വീണ്ടും നടത്താനും നിർദ്ദേശമുണ്ട്. വോട്ടെണ്ണൽ ദിവസം 30-35 പേർ വീട്ടിലെത്തി അഭിജീതിനെ പുറത്തേയ്ക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. കേബിൾ കഴുത്തിൽകെട്ടി വലിച്ചുകൊണ്ടുപോയി സംഘം ചേർന്ന് ആക്രമിച്ചാണ് കൊലപ്പെടുത്തിയത്. തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ആദ്യത്തെ കൊലപാതകമാണിത്. സംഭവത്തിൽ തുടരന്വേഷണം വേണമെന്നാണ് കോടതി ഉത്തരവിട്ടത്. ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് ജില്ലാ മജിസ്‌ട്രേറ്റിനും ജാദവ്പൂർ പോലീസ് സൂപ്രണ്ടിനും നോട്ടീസ് അയച്ചു. സംസ്ഥാനത്ത് നടന്ന അക്രമങ്ങൾ റിപ്പോർട്ട് ചെയ്യാതിരുന്നതിന് ഇവർക്കെതിരെ കോടതിയലക്ഷ്യ കേസ് എടുക്കാതിരിക്കാനുള്ള വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടാണ് കോടതി നോട്ടീസ് അയച്ചത്.

ബംഗാളിൽ തെരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വ്യാപക അക്രമമാണ് നടത്തിയത്. വീടുകളിൽ കയറി ബിജെപി പ്രവർത്തകരെ ഉൾപ്പെടെ കൊലപ്പെടുത്തുകയും സ്ത്രീകളെയും പെൺകുട്ടികളേയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. അക്രമങ്ങൾ സഹിക്കാൻ കഴിയാതെ നിരവധി പേർ അസമിലേയ്ക്ക് പലായനം ചെയ്യുകയുമുണ്ടായി. ഇത് കണക്കിലെടുത്ത് സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്വേഷണത്തിനായി സംസ്ഥാനത്തെത്തിയ കമ്മീഷൻ അംഗങ്ങൾക്ക് നേരെയും ഗുണ്ടാ ആക്രമണമാണ് ഉണ്ടായത്. തൃണമൂൽ കോൺഗ്രസ് തന്നെയാണ് ആക്രമണത്തിന് പിന്നിൽ എന്നുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.

Related Articles

Back to top button