IndiaLatest

കപ്പലുകളില്‍നിന്ന് കുത്തനെ വിക്ഷേപിക്കാവുന്ന മിസൈലുമായി ഇന്ത്യ

“Manju”

യുദ്ധക്കപ്പലുകള്‍ക്കായി രൂപകല്‍പ്പന ചെയ്ത ആധുനിക ഹ്രസ്വദൂര മിസൈല്‍ (വി എല്‍-എസ് ആര്‍ എസ് എ എം) ഇന്ത്യ വീണ്ടും വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ്.

എന്താണ് വി എല്‍-എസ് ആര്‍ എസ് എ എം?
നാവികസേനയുടെ യുദ്ധക്കപ്പലുകളില്‍ വിന്യസിക്കുന്നതിനായി ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷ(ഡി ആര്‍ ഡി ഒ)ന്റെ മൂന്ന് സ്ഥാപനങ്ങള്‍ സംയുക്തമായാണ് വെര്‍ട്ടിക്കല്‍ ലോഞ്ച് ഷോര്‍ട്ട് റേഞ്ച് സര്‍ഫേസ് ടു എയര്‍ മിസൈല്‍ (വി എല്‍-എസ് ആര്‍ എസ് എ എം) രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചത്.
സീ-സ്‌കിമ്മിങ് ടാര്‍ഗെറ്റുകള്‍ ഉള്‍പ്പെടെയുള്ള വിവിധ ആകാശ ഭീഷണികളെ നിര്‍വീര്യമാക്കാനുള്ള ശേഷിയുള്ളതാണ് വി എല്‍-എസ് ആര്‍ എസ് എ എം. ശത്രു യുദ്ധക്കപ്പലുകളിലെ റഡാറുകള്‍ കണ്ടെത്താതിരിക്കാന്‍ നിരവധി കപ്പല്‍വേധ മിസൈലുകളും ചില യുദ്ധവിമാനങ്ങളും പ്രയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് സീ സ്‌കിമ്മിങ്. മിസൈലുകളും വിമാനങ്ങളും കഴിയുന്നത്ര കടലിന്റെ ഉപരിതലത്തോട് ചേര്‍ന്ന് പറക്കുകയാണു തന്ത്രം. ഇത്തരത്തില്‍ പറക്കുന്നതിനാല്‍ അവ കണ്ടെത്താനും വെടിവച്ചിടാനും പ്രയാസമാണ്.

വി എല്‍-എസ് ആര്‍ എസ് എ എം രൂപകല്‍പ്പന
40 മുതല്‍ 50 കിലോമീറ്റര്‍ പരിധിയിലും 15 കിലോമീറ്റര്‍ ഉയരത്തിലുമുള്ള അതിവേഗത വ്യോമലക്ഷ്യങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യം വച്ചാണ് മിസൈലിന്റെ രൂപകല്‍പ്പന. ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍ ടു എയര്‍ (ബി വി ആര്‍ എ എ) മിസൈലായ ‘അസ്ത്ര’യെ അടിസ്ഥാനമാക്കിയാണ് വി എല്‍-എസ് ആര്‍ എസ് എ എമ്മിന്റെ രൂപകല്‍പ്പനയെന്നാണു ഡിആര്‍ഡിഒ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ക്രൂസിഫോം ചിറകുകളും ത്രസ്റ്റ് വെക്റ്ററിങ്ങുമാണ് വി എല്‍-എസ് ആര്‍ എസ് എ എമ്മിന്റെ രണ്ട് പ്രധാന സവിശേഷതകള്‍. കുരിശിന്റെ ആകൃതിയില്‍ നാല് വ്യത്യസ്ത ദിശകളില്‍ ക്രമീകരിച്ചിക്കുന്ന ചെറിയ ചിറകുകളെയാണു ക്രൂസിഫോം ചിറകുകള്‍ എന്നു പറയുന്നത്. ഇത് മിസൈല്‍ കുതിപ്പിനു സ്ഥിരതയുള്ള എയറോഡൈനാമിക് നില നല്‍കുന്നു. കോണീയ പ്രവേഗവും (ആംഗുലാര്‍ വെലോസിറ്റി) മിസൈലിന്റെ സ്ഥാനവും നിയന്ത്രിക്കുന്ന എന്‍ജിനില്‍നിന്നുള്ള ത്രസ്റ്റിന്റെ ദിശ മാറ്റാനുള്ള കഴിവാണ് ത്രസ്റ്റ് വെക്ടറിങ്.
ഹൈദരാബാദിലെ ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്മെന്റ് ലബോറട്ടറി (ഡി ആര്‍ ഡി എല്‍), റിസര്‍ച്ച്‌ സെന്റര്‍ ഇംറാത്ത് (ആര്‍ സി ഐ), പൂണെ ആസ്ഥാനമായുള്ള റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് എന്നിവയാണ് ഈ സംവിധാനത്തിന്റെ വികസനത്തിനു സംഭാവന നല്‍കിയ പ്രധാന ഡി ആര്‍ ഡി ഒ സ്ഥാപനങ്ങള്‍.
വി എല്‍-എസ് ആര്‍ എസ് എ എം ഒരു കാനിസ്റ്ററൈസ്‌ഡ് സംവിധനമാണ്. അതായത് മിസൈല്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത കമ്ബാര്‍ട്ടുമെന്റുകളില്‍ സൂക്ഷിക്കുകയും അവയില്‍നിന്ന് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. കാനിസ്റ്ററില്‍, അകത്തെ പരിതസ്ഥിതി നിയന്ത്രിക്കപ്പെടുന്നുതിനാല്‍ മിസൈല്‍ കൊണ്ടുപോകുന്നതും സൂക്ഷിക്കലും എളുപ്പമാക്കുകയും അത് ആയുധങ്ങളുടെ ആയുസ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

മിസൈലിന്റെ പുതിയ പരീക്ഷണവും തന്ത്രപരമായ പ്രാധാന്യവും
ഒഡിഷ തീരത്തെ ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചി(ഐ ടി ആര്‍)ല്‍നിന്ന് ഡിസംബര്‍ ഏഴിനാണു മിസൈലിന്റെ ഏറ്റവും പുതിയ പരീക്ഷണം നടത്തിയത്. ഇലക്‌ട്രോണിക് ലക്ഷ്യത്തിനെതിരെ വളരെ താഴ്ന്ന ഉയരത്തില്‍, കുത്തനെയുള്ള ലോഞ്ചറില്‍നിന്നായിരുന്നു വിക്ഷേപണം.
“ചന്ദിപൂരിലെ ഐ ടി ആറില്‍ വിന്യസിച്ചിട്ടുള്ള നിരവധി ട്രാക്കിങ് ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ മിസൈലിന്റെ സഞ്ചാരപാതയും കാര്യക്ഷമതയും നിരീക്ഷിച്ചു. എല്ലാ അനുബന്ധ സംവിധാനങ്ങളും പ്രതീക്ഷിച്ചതുപോലെ പ്രവര്‍ത്തിച്ചു,” എന്നാണ് മിസൈല്‍ പരീക്ഷണത്തെക്കുറിച്ച്‌ പ്രതിരോധ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചത്.
ഫെബ്രുവരി 22നായിരുന്നു ആദ്യ പരീക്ഷണം. ഈ ഘട്ടത്തില്‍ ഡിആര്‍ഡിഒ രണ്ടുതവണ മിസൈല്‍ സംവിധാനം പരീക്ഷിച്ചു.
കണ്‍ട്രോളര്‍ ഉള്‍പ്പെടുന്ന വെര്‍ട്ടിക്കല്‍ ലോഞ്ചര്‍ യൂണിറ്റ്, കാനിസ്റ്ററൈസ്ഡ് ഫ്‌ളൈറ്റ് വെഹിക്കിള്‍, ആയുധനിയന്ത്രണ സംവിധാനം എന്നിവയുള്‍പ്പെടെയുള്ള എല്ലാ ആയുധ സംവിധാന ഘടകങ്ങളുടെയും സംയോജിത പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനായിരുന്നു ഏഴാം തിയതിയിലെ പരീക്ഷണം. ഈ സംവിധാനങ്ങളുടെ വിജയകരമായ പരീക്ഷണം നാവികസേനാ കപ്പലുകളില്‍നിന്നുള്ള മിസൈലിന്റെ ഭാവി വിക്ഷേപണങ്ങളുടെ കാര്യത്തില്‍ നിര്‍ണായകമായിരുന്നു. ഡിആര്‍ഡിഒയിലെയും നാവികസേനയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരീക്ഷണ വിക്ഷേപണം നിരീക്ഷിച്ചു.
“നാവിക യുദ്ധത്തില്‍, ശത്രുക്കളുടെ കപ്പല്‍വേധ മിസൈലുകളില്‍നിന്നും വിമാനങ്ങളില്‍നിന്നും സ്വയം സംരക്ഷിക്കാന്‍ ഒരു യുദ്ധക്കപ്പലിന് വിവിധ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടതുണ്ട്. പഴക്കമുള്ള രീതികളിലൊന്നാണ് ചാഫുകള്‍. ശത്രുക്കളുടെ റഡാറില്‍നിന്നും റേഡിയോ ഫ്രീക്വന്‍സി മിസൈല്‍ സീക്കറുകളില്‍നിന്നും കപ്പലുകളെ സംരക്ഷിക്കാന്‍ ലോകമെമ്ബാടും ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണിത്. കപ്പല്‍വേധ മിസൈലുകളെ പ്രതിരോധിക്കാന്‍ മിസൈലുകള്‍ വിന്യസിക്കുന്നതാണ് മറ്റൊരു മാര്‍ഗം. ഈ സംവിധാനങ്ങള്‍ക്കു വേഗത്തിലുള്ള കണ്ടെത്തല്‍ സംവിധാനം, ദ്രുത പ്രതികരണം, ഉയര്‍ന്ന വേഗത, കൈകാര്യം ചെയ്യാനുള്ള ഉയര്‍ന്ന കഴിവ് എന്നിവ ഉണ്ടായിരിക്കണം. ഈ ഗുണങ്ങളെല്ലാം ഉണ്ടെന്ന് അവകാശപ്പെടുന്നതാണ് വി എല്‍-എസ് ആര്‍ എസ് എ എം. എങ്കിലും നാവികസേനാ കപ്പലുകളില്‍ വിന്യസിക്കുന്നതിനു മുന്‍പ് വ്യത്യസ്ത സാഹചര്യങ്ങളിലും രൂപങ്ങളിലും പരീക്ഷികേണ്ടതുണ്ട്,”നിരവധി യുദ്ധക്കപ്പലുകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Related Articles

Back to top button