InternationalLatest

പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

“Manju”

വാഷിംഗ്‌ടണ്‍ : വാട്സ് ആപ്പില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന പരാതിയാണ് പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും ക്വാളിറ്റി പോരാ എന്നുള്ളത്. എന്നാല്‍, ആ പരാതിക്ക് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് വാട്സ് ആപ്പ്. വീഡിയോകള്‍ അതിന്റെ മികച്ച ക്വാളിറ്റിയില്‍ തന്നെ അയയ്ക്കാനാകുന്ന പുതിയ ഫീച്ചറാണ് വാട്സ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

‘വീഡിയോ അപ്ലോഡ് ക്വാളിറ്റി’ എന്ന പേരിലുള്ള പുതിയ ഫീച്ചറോടെയുള്ള വാട്സ് ആപ്പിന്റെ ആന്‍ഡ്രോയ്ഡ് ബീറ്റ പതിപ്പ് പുറത്തെത്തിയിട്ടുണ്ട്. നിലവില്‍ 16 എംബിയില്‍ കുറഞ്ഞ ഫയലുകള്‍ മാത്രമേ വാട്സ് ആപ്പില്‍ പങ്കുവയ്ക്കാനാകൂ. എന്നാല്‍, പുതിയ ഫീച്ചര്‍ പ്രകാരം 4കെ റെസല്യൂഷനിലുള്ള വീഡിയോകള്‍ വരെ അയയ്ക്കാനാകും. ഇനിമുതല്‍ വീഡിയോ അയയ്ക്കുമ്പോള്‍ ഏത് റെസല്യൂഷനിലുള്ള വീഡിയോ ആണ് വേണ്ടതെന്ന് ചോദിച്ചുകൊണ്ടുള്ള പോപ് അപ്പ് ലഭിക്കും. ഇതോടൊപ്പം വോയ്‌സ് ക്വാളിറ്റി കൂട്ടാനും നീക്കം നടക്കുന്നുണ്ട്.

വാട്സ് ആപ്പ് വഴി ഇനിമുതല്‍ വീഡിയോ അയയ്ക്കുമ്പോള്‍ മൂന്ന് ഓപ്ഷനുകളാണ് കാണിക്കുക. ഒന്നാമത്തേത് ഓട്ടോമാറ്റിക് സംവിധാനമാണ്. ഇതുവഴി ഏറ്റവും ചുരുങ്ങിയ ക്വാളിറ്റിയിലുള്ള ഫയലുകളായായിരിക്കും അയയ്ക്കുക. രണ്ടാമത്തേത് ബെസ്റ്റ് ക്വാളിറ്റി. ഇത് തിരഞ്ഞെടുത്താല്‍ ഏറ്റവും മികച്ച ക്വാളിറ്റിയോടെയായിരിക്കും ഫയലുകള്‍ അയക്കുക. ഉയര്‍ന്ന നിലവാരത്തിലുള്ള ഈ ഫയലുകള്‍ക്ക് കൂടുതല്‍ ഡാറ്റയും ചെലവാകും. ഡാറ്റാ സേവര്‍ സെറ്റിങ്‌സ് ആണ് മൂന്നാമത്തെ ഓപ്ഷന്‍. ഇതു തിരഞ്ഞെടുത്താല്‍ വീഡിയോ കംപ്രസ് ചെയ്താണ് പങ്കുവയ്ക്കപ്പെടുന്നത്.

Related Articles

Back to top button