India

രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ ട്വിറ്റർ ബാദ്ധ്യസ്ഥർ ; ഐടി മന്ത്രി

“Manju”

ന്യൂഡൽഹി : രാജ്യത്തെ നിയമങ്ങൾ പരമോന്നതമാണെന്നും അത് അനുസരിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്തെ നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ട്വിറ്റർ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിയുടെ താക്കീത്. അതേസമയം പുതിയ ഐടി നിയമങ്ങൾ പ്രകാരം ഉദ്യോഗസ്ഥരെ നിയമിക്കാൻ എട്ട് ആഴ്ചത്തെ സമയം വേണമെന്ന് ട്വിറ്റർ ഡൽഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

രാജ്യത്തെ ഐടി നിയമങ്ങൾ പാലിക്കാൻ ട്വിറ്റർ തയ്യാറാകാതിരിക്കുന്നതിൽ ഡൽഹി ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇത്രയും ദിവസം നൽകിയിട്ടും ഉദ്യോഗസ്ഥരെ നിയമിക്കാതിരിക്കുന്ന ട്വിറ്റർ നിയമലംഘനം നടത്തിയാൽ നടപടി സ്വീകരിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് ഉടൻ തന്നെ കംപ്ലെയ്ൻസ് ഓഫീസറെയും, റെസിഡന്റ് ഗ്രീവൻസ് ഓഫീസറെയും നിയമിക്കുമെന്ന് ട്വിറ്റർ കോടതിയെ അറിയിച്ചത്.

എട്ട് ആഴ്ചത്തെ സമയമാണ് കമ്പനി ചോദിച്ചത്. റെസിഡെന്റ് ഗ്രീവൻസ് ഓഫീസർക്കായുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ടെന്നും ട്വിറ്റർ അറിയിച്ചു. അതുവരെ ഇടക്കാല ഗ്രീവൻസ് ഓഫീസറെ നിയമിക്കും. ഞായറാഴ്ചയ്ക്കകം ഇടക്കാല ഓഫീസറുടെ നിയമനം പൂർത്തിയാക്കുമെന്നും കമ്പനി വ്യക്തമാക്കി.

രാജ്യത്തെ പുതുക്കിയ ഐടി നിയമപ്രകാരം സമൂഹമാദ്ധ്യമങ്ങളിലെ പരാതി പരിഹരിക്കുന്നതിനായി ഇന്ത്യയിൽ താമസിക്കുന്ന ഉദ്യോഗസ്ഥനെ നിയമിക്കണം. ഐടി ചട്ടങ്ങൾ അനുസരിക്കാതെ മുന്നോട്ട് പോയിരുന്നെങ്കിലും പിന്നീട് ധർമ്മേന്ദ്ര ചതുറിനെ റെസിഡന്റ് ഗ്രീവൻസ് ഓഫീസറായി കമ്പനി നിയമിച്ചിരുന്നു. തുടർന്ന് ജൂൺ 27 ന് അദ്ദേഹം രാജി വെയ്ക്കുകയും യുഎസ് പൗരനായ ജെറമി കെസ്സെലിനെ നിയമിക്കുകയും ചെയ്തു. എന്നാൽ ഇത് ചട്ടങ്ങൾക്ക് എതിരാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുകയായിരുന്നു.

Related Articles

Back to top button