LatestThiruvananthapuram

കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം സുപ്രീം കോടതിയിൽ ലാവ്‌ലിൻ കേസ്

“Manju”

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപ്പട്ടികയിലുള്ള ലാവ്‌ലിൻ കേസ് സുപ്രീം കോടതി പരിഗണിക്കുന്ന അന്ന് തന്നെ കേരളത്തിലെ വോട്ടെടുപ്പും നടക്കും. കേസ് ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിച്ചപ്പോൾ ഏപ്രിൽ ആറിലേക്കാണ് മാറ്റിവച്ചത്. സിബിഐയുടെ വാദം പരിഗണിച്ചാണ് കേസ് മാറ്റിവച്ചത്. 26-ാം തവണ നീട്ടിവച്ച കേസ് തെരഞ്ഞെടുപ്പ് ദിവസം പരിഗണിക്കുന്നത് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്.

കേരളം തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ രാഷ്ട്രീയപരമായി നിർണ്ണായകരമായിരിക്കും സുപ്രീംകോടതിയുടെ നടപടി. മുഖ്യമന്ത്രി പിണറായി വിജയൻ മുൻ ഊർജ്ജ സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ വെറുതെവിട്ട ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സിബിഐ സമർപ്പിച്ച ഹർജിയിലാണ് ഏപ്രിൽ ആറിന് സുപ്രീം കോടതി വാദം കേൾക്കുന്നത്. അടിയന്തിര പ്രധാന്യമുള്ള കേസാണെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

കേരളത്തിൽ ഏപ്രിൽ ആറിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും. കേരളത്തിന് പുറമെ പശ്ചിമബംഗാൾ, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലേയും തെരഞ്ഞെടുപ്പ് തീയതികളാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ ഇന്ന് പ്രഖ്യാപിച്ചത്.

Related Articles

Back to top button