KeralaLatestThiruvananthapuram

ബിടെക് പരീക്ഷ കൂട്ടക്കോപ്പിയടി: വിദ്യാര്‍ഥികളില്‍ നിന്ന് പിടിച്ചെടുത്തത് 28 മൊബൈല്‍ ഫോണുകള്‍

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയുടെ ബിടെക് പരീക്ഷയില്‍ നടന്ന കൂട്ടക്കോപ്പിയടിയില്‍ പിടിച്ചെടുത്തത് 28 മൊബൈല്‍ ഫോണുകള്‍. . ഒരു കോളജില്‍ നിന്നും 16 ഉം മറ്റൊരു കോളജില്‍നിന്നും 10 ഉം മറ്റ് രണ്ടു കോളജുകളില്‍ നിന്നും ഓരോ മൊബൈല്‍ഫോണ്‍ വീതവുമാണ് ഇന്‍വിജിലേറ്റഴ്സിന്റെ പരിശോധനയില്‍ ലഭിച്ചത്.

ഒക്ടോബര്‍ 23ന് നടന്ന മൂന്നാം സെമസ്റ്റര്‍ ബിടെക് പരീക്ഷയിലാണ് ക്രമക്കേട് പിടികൂടിയത്. പരീക്ഷാഹാളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനമുണ്ട്. അതിനാല്‍ മൊബൈല്‍ കൊണ്ടുവരുന്നവര്‍ അവ പുറത്തുവയ്ക്കണമെന്ന് ഇന്‍വിജിലേറ്റര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ഇന്‍വിജിലേറ്റര്‍മാരെ ബോധ്യപ്പെടുത്താന്‍ ഒരെണ്ണം പുറത്തുവയ്ക്കുകയും രഹസ്യമായി മറ്റൊരു ഫോണുമായാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷാഹാളിലേക്ക് പ്രവേശിക്കുകയുമായിരുന്നു. സര്‍വ്വകലാശാല ചട്ടം അനുസരിച്ച്‌ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്താല്‍ കുറ്റം ചെയ്ത വിദ്യാര്‍ത്ഥിയെ ഡീബാര്‍ ചെയ്യാം. ചിലയിടത്ത് ഫോണ്‍ തിരികെ കിട്ടാന്‍ ബഹളമുണ്ടാക്കിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കോപ്പിയടിക്ക് വേണ്ടി മാത്രം ഒട്ടേറെ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളാണ് പ്രവര്‍ത്തിച്ചത്. ഏകദേശം 75 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ ഈ ഗ്രൂപ്പുകളില്‍ വന്നിട്ടുണ്ട്. ചോദ്യപേപ്പറിന്റെ ചിത്രം ഫോട്ടോ എടുത്ത് വാട്‌സ്‌ആപ്പില്‍ ഇടുന്നതിന് പിന്നാലെ ഉത്തരങ്ങളും ഗ്രൂപ്പിലെത്തും. പല ഫോണുകളും ലോക്ക് ചെയ്തിരിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് സൈബര്‍ പൊലീസിന്റെ സഹായം തേടുന്നതും ആലോചിക്കുന്നുണ്ട്.

അതേസമയം ഓരോ കോളജുകളിലെയും അച്ചടക്ക സമിതികള്‍ കൂടി വിശദമായ റിപ്പോര്‍ട്ടുകള്‍ അഞ്ച് ദിവസത്തിനകം നല്‍കണമെന്ന് പ്രിന്‍സിപ്പള്‍മാരോട് ആവശ്യപ്പെട്ടു. അനധികൃതമായി മൊബൈല്‍ ഫോണുമായി പരീക്ഷാ ഹാളില്‍ കയറുന്നവര്‍ക്ക് തുടര്‍ന്നുള്ള മൂന്ന് തവണവരെ പ്രസ്തുത പരീക്ഷ എഴുതാനാവില്ല എന്നതാണ് നിയമം.

Related Articles

Back to top button