LatestThiruvananthapuram

സാങ്കേതിക സര്‍വകലാശാലയ്ക്ക് കാട്ടാക്കട വിളപ്പില്‍ശാലയില്‍ ഭൂമി

“Manju”

തിരുവനന്തപുരം: ഡോ. എ പി ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല ആസ്ഥാനത്തിനായി കാട്ടാക്കട വിളപ്പില്‍ശാലയില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചു. ആദ്യഘട്ടം 136 ഉടമകളുടെ 50 ഏക്കറാണ് ഏറ്റെടുക്കുന്നത്. ഏറ്റെടുക്കല്‍ പ്രഖ്യാപനം ഐ ബി സതീഷ് എംഎല്‍എ നിര്‍വഹിച്ചു. മൂന്നു ദിവസങ്ങളിലായി ആദ്യഘട്ടം പൂര്‍ത്തിയാക്കും.

റവന്യൂവകുപ്പ് ഏറ്റെടുത്ത ഭൂമിയുടെ രേഖകള്‍ ഡെപ്യൂട്ടി കളക്ടര്‍ ജേക്കബ് സഞ്ജയ് ജോണ്‍ സാങ്കേതിക സര്‍വകലാശാല വിസി ഡോ. എം എസ് രാജശ്രീക്ക് കൈമാറി. 184 കോടി രൂപയാണ് നഷ്ടപരിഹാരമായി കൈമാറുക. ഒരാഴ്ചയ്‌ക്കകം നഷ്ടപരിഹാരത്തുക ഉടമകളുടെ ബാങ്ക് അക്കൗണ്ടിലെത്തും. വീടുകളുടെയും മറ്റ്‌ ആസ്‌തികളുടെയും വില പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ച നിരക്കിലും ലഭ്യമാക്കും.

എ കാറ്റഗറിയില്‍ 4.65 ലക്ഷവും ബിയില്‍ 4.22 ലക്ഷവും സിയില്‍ 3.38 ലക്ഷവും ഡിയില്‍ 2.74 ലക്ഷവും ഇയില്‍ 1.06 ലക്ഷവുമാണ്‌ നഷ്ടപരിഹാരം. വീട് നഷ്ടമാകുന്നവര്‍ക്ക് 4.60 ലക്ഷവും വീടും കാലിത്തൊഴുത്തും നഷ്ടമാകുന്നവര്‍ക്ക് 5.10 ലക്ഷവും അധികം നല്‍കും. 2015ല്‍ പ്രവര്‍ത്തനം ആരംഭിച്ച സാങ്കേതിക സര്‍വകലാശാല വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

2017ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സാങ്കേതിക സര്‍വകലാശാല ആസ്ഥാനം വിളപ്പില്‍ശാലയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതിനായി 100 ഏക്കറിലധികം ഭൂമി കണ്ടെത്തി 2018 ഡിസംബര്‍ 24-ന് ഭരണാനുമതിയും നല്‍കി. സര്‍വകലാശാല ആസ്ഥാന നിര്‍മാണത്തിന്റെ ഒന്നാംഘട്ടത്തിന് 405 കോടിയാണ് ചെലവ് കണക്കാക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ നടപടി റെക്കോഡ് വേഗത്തിലാണ് പൂര്‍ത്തിയാകുന്നത്.

ചൊവ്വല്ലൂര്‍ അങ്കണവാടിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്‌ കൗണ്‍സില്‍ ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രേണുക, പഞ്ചായത്ത്‌ അംഗം ചന്ദ്രബാബു, സാങ്കേതിക സര്‍വകലാശാല പ്രോ. വിസി ഡോ. എസ് അയൂബ്, സിന്‍ഡിക്കറ്റ്‌ അംഗങ്ങളായ ഐ സജു, ഡോ. ബി എസ്‌ ജമുന, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എം പി പ്രേംലാല്‍ എന്നിവരും പങ്കെടുത്തു.

 

Related Articles

Back to top button