India

കെജ്രിവാൾ പതാകയെ അവഹേളിച്ചു : പ്രഹ്ലാദ് പട്ടേൽ

“Manju”

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ദേശീയ പതാകയെ അവഹേളിച്ചുവെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേൽ. കൊറോണ വ്യാപനം വിലയിരുത്താൻ നടത്തിയ വീഡിയോ കോൺഫറൻസ് മീറ്റിംഗിൽ പങ്കെടുക്കുമ്പോൾ കെജ്രിവാളിന്റെ പിന്നിലായി കാണുന്ന ദേശീയ പതാക നിയമം അനുശാസിക്കുന്ന ചട്ട പ്രകാരം അല്ലെന്ന് പ്രഹ്ലാദ് പട്ടേൽ ആരോപിക്കുന്നു.

ഇക്കാര്യത്തിൽ അടിയന്തിരമായ തിരുത്തൽ ആവശ്യപ്പെട്ട് പ്രഹ്ലാദ് പട്ടേൽ കേന്ദ്രസർക്കാരിനും ഡൽഹി ലെഫ്റ്റനന്റ് ഗവർണർക്കും കത്തെഴുതി. ദേശീയ പതാകയിലെ നിറങ്ങൾ ഒരേ അളവിലല്ല. പച്ച നിറമുള്ള ഭാഗത്തിന് വലുപ്പമേറിയെന്നും വികൃതമായെന്നുമാണ് ആരോപണം. വെള്ള നിറമുള്ള ഭാഗം ചെറുതായെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

കെജ്രിവാൾ ടെലിവിഷനിലൂടെ സംസാരിക്കുമ്പോഴെല്ലാം തന്റെ ശ്രദ്ധ അദ്ദേഹത്തിന്റെ പിന്നിലുള്ള പതാകയിലാണെന്നും പ്രഹ്ലാദ് പട്ടേൽ പറയുന്നു. ദേശീയ പതാക പ്രദർശിപ്പിക്കാനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിയമങ്ങൾക്ക് അനുസൃതമല്ല ഇത്. ഭരണഘടനയുടെ ലംഘനമാണിത്. അലങ്കാരമെന്ന നിലയിലാണ് കെജ്രിവാൾ ദേശീയ പതാക ഉപയോഗിക്കുന്നതെന്നും പ്രഹ്ലാദ് പട്ടേൽ കുറ്റപ്പെടുത്തി.

ബോധപൂർവ്വമോ അല്ലാതെയോ ഇക്കാര്യം അവഗണിച്ച കെജ്രിവാളിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കത്തിൽ പറഞ്ഞു. ദേശീയ പതാകയെ ബഹുമാനിക്കണമെന്ന എല്ലാവരുടേയും ഉത്തരവാദിത്വം കണക്കിലെടുത്താണ് താൻ ഈ കത്ത് എഴുതുന്നതെന്നും പ്രഹ്ലാദ് പട്ടേൽ വ്യക്തമാക്കി.

Related Articles

Back to top button