IndiaLatestThiruvananthapuram

കേരളത്തിലൂടെയുള്ള 11 റോഡുകൾ ഭാരത് മാലാ പ്രോജക്ടിൽ ഉൾപ്പെടുത്തും

“Manju”

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ റോഡ് ഗതാഗത വികസനത്തിന് കുതിപ്പു നൽകിക്കൊണ്ട് കണ്ണൂർ എയർ പോർട്ടിനോടു ചേർന്ന് ചൊവ്വ മുതൽ മട്ടന്നൂർ – കൂട്ടും പുഴ – വളവുപാറ – മാക്കൂട്ടം – വിരാജ്പേട്ട- മടിക്കേരി വഴി മൈസൂർ വരെയുള്ള റോഡിൻ്റെ കേരളത്തിലുള്ള ഭാഗം നാഷണൽ ഹൈവേയായി ഉയർത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം പാരിപ്പള്ളി മുതൽ വിഴിഞ്ഞം വരെയുള്ള 80 കി.മീ. റിംഗ് റോഡ് നിർമ്മിക്കുന്നതിനും തത്വത്തിൽ അംഗീകാരമായി. വിഴിഞ്ഞം തുറമുഖത്തിൻ്റെ വികസനവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക സാദ്ധ്യതകൾ കൂടി കണക്കിലെടുത്താവും പുതിയ പദ്ധതി വികസിപ്പിക്കുക. 4500 കോടി രൂപയാണ് പദ്ധതി തുക പ്രതീക്ഷിക്കുന്നത്. പുതിയ പദ്ധതി തിരുവനന്തപുരം നഗരത്തിൻ്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടായി മാറും. ഈ പദ്ധതി നാഷണൽ ഹൈവേ അതോറിറ്റി ഏറ്റെടുത്ത് ഫണ്ട് നൽകണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഭൂമി ഏറ്റെടുക്കലിൻ്റെ 50% സംസ്ഥാന സർക്കാർ വഹിക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്.
കേരളത്തിലൂടെയുള്ള 11 റോഡുകൾ ഭാരത് മാലാ പ്രോജക്ടിൽ ഉൾപ്പെടുത്താനും തീരുമാനമായി. ആലപ്പുഴ (എന്‍.എച്ച് 47) മുതല്‍ ചങ്ങനാശ്ശേരി – വാഴൂര്‍ – പതിനാലാം മൈല്‍ (എന്‍.എച്ച് 220) വരെ 50 കി.മീ, കായംകുളം (എന്‍.എച്ച് 47) മുതല്‍ തിരുവല്ല ജംഗ്ഷന്‍ (എന്‍.എച്ച് 183) 23 കി.മീ, വിജയപുരത്തിനടുത്തുള്ള ജംഗ്ഷൻ (എൻ. എച്ച് 183) മുതൽ ഊന്നുക്കലിനടുത്തുള്ള ജംഗ്ഷൻ വരെ (എൻ. എച്ച് 85 ) 45 കി.മീ, പുതിയ നാഷണൽ ഹൈവേയായ കൽപ്പറ്റയ്ക്കടുത്തുള്ള ജംഗഷൻ (എൻ. എച്ച് 766 ) മുതൽ മാനന്തവാടി വരെ 50 കി.മീ, എൻ.എച്ച് 183 A യുടെ ദീർഘിപ്പിക്കൽ ടൈറ്റാനിയം, ചവറ വരെ (എൻ.എച്ച് 66 ) 17 കി.മീ, എൻ. എച്ച് 183 A യെ പമ്പയുമായി ബന്ധിപ്പിക്കുന്ന പുതിയ എൻ.എച്ച് ളാഹക്കടുത്തുള്ള ഇലവുങ്കലിൽ 21.6 കി.മീ, തിരുവനന്തപുരം – തെൻമലയെ ബന്ധിപ്പിക്കുന്ന 72. കിമീ, ഹോസ്ദുർഗ് – പനത്തൂർ – ഭാഗമണ്ഡലം – മടിക്കേരി (കേരളത്തിലൂടെ പോകുന്ന റോഡ്) 57 കി.മീ, ചേർക്കല – കല്ലിടുക്ക (കേരളത്തിലൂടെ പോകുന്ന റോഡ്) 28 കി.മീ, വടക്കാഞ്ചേരി – പൊള്ളാച്ചി ബന്ധിപ്പിക്കുന്ന റോഡ് , തിരുവനന്തപുരം ഇന്റർനാഷണൽ സീ പോർട്ടിനെ ബന്ധിപ്പിക്കുന്ന വിഴിഞ്ഞം – കരമന – കളിയിക്കാവിള റോഡ് എന്നിവയാണ് ഭാരത് മാലാ പദ്ധതി രണ്ടാം ഘട്ടത്തിൽ പെടുത്തി അപ്ഗ്രേഡ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button