KeralaLatest

കോവിഡ് സ്ഥിരീകരിച്ച നഴ്സ് വാക്‌സിന്‍ എടുത്ത സംഭവം; അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം

“Manju”

സിന്ധുമോള്‍ ആര്‍

ചേര്‍ത്തല: കോവിഡ് സ്ഥിരീകരിച്ച നഴ്സ് ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വാക്സിന്‍ എടുത്ത സംഭവം. ആരോഗ്യവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ നാട്ടുകാര്‍. പ്രദേശത്ത് കടുത്ത ജാഗ്രതാ നിര്‍ദ്ദേശം. നഗരസഭ 21, 22, 23, 24, 25 വാര്‍ഡുകളിലെ 41 കുട്ടികളും മൂന്ന് ഗര്‍ഭിണികളുമാണ് കോര്യംപള്ളി എല്‍പി സ്‌കൂളില്‍ പ്രതിരോധ കുത്തിവെയ്പ്പിന് എത്തിയത്. കഴിഞ്ഞ ഒന്‍പതിനായിരുന്നു കുത്തിവെയ്പ്.

ഒരു വയസ് മുതലുള്ള കുട്ടികള്‍ എത്തിയിട്ടുണ്ടെന്നാണ് സൂചന. കുത്തിവെയ്പിന് നേതൃത്വം നല്‍കിയ ഗവ. താലൂക്ക് ആശുപത്രിയിലെ നഴ്സുമാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് രക്ഷിതാക്കള്‍ ആശങ്കയിലായത്. പ്രദേശത്തെ ആശാ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം എല്ലാവരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഗര്‍ഭിണിക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ സ്രവം പരിശോധനയ്ക്കെടുത്ത നഴ്സിനെ പ്രതിരോധകുത്തിവെയ്പ്പിന് അയച്ച ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

പത്ത് വയസില്‍ താഴെയുള്ള കുട്ടികളെ പുറത്തിറക്കരുതെന്നുള്ള നിര്‍ദ്ദേശം നിലനില്‍ക്കെ നിരീക്ഷണത്തിലിരിക്കേണ്ട ജീവനക്കാരെ വാക്സിന്‍ എടുക്കാന്‍ അയച്ചതിനെതിരെ രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഏഴു ദിവസം പുറത്തിറങ്ങരുതെന്നും കുട്ടികളുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമുണ്ടെങ്കില്‍ അറിയിക്കണമെന്നുമാണ് ആശാ പ്രവര്‍ത്തകര്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നാണ് അധികാരികളുടെ നിലപാട്.

ഗവ. താലൂക്ക് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ചവര്‍ക്ക് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തുന്നത്. സ്‌കൂളിലെത്തിയ എല്ലാവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്താന്‍ അധികാരികള്‍ തയാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ആരോഗ്യവകുപ്പില്‍ നിന്ന് ഒരാള്‍ പോലും വിളിച്ചിട്ടില്ലെന്നും ജില്ലാ അധികാരികളെ ഉള്‍പ്പെടെ പരാതി അറിയിച്ചിട്ടും ലാഘവത്തോടെയാണ് വിഷയം കൈകാര്യം ചെയ്തതെന്നും രക്ഷിതാക്കള്‍ പറഞ്ഞു. സ്‌കൂളിലെത്തിയ കുട്ടികളേയും രക്ഷിതാക്കളേയും ഗര്‍ഭിണികളേയും പരിശോധനയ്ക്ക് വിധേയരാക്കുമെന്നും ഇക്കാര്യം സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നഗരസഭ ചെയര്‍മാന്‍ വി.ടി. ജോസഫ് പറഞ്ഞു.

Related Articles

Back to top button