InternationalLatest

ഡെല്‍റ്റാ വകഭേദം പ്രതിരോധിക്കാന്‍ ഊര്‍ജിതശ്രമം നടത്തണം : ഡബ്ല്യു.എച്ച്‌.ഒ

“Manju”

കോപ്പന്‍ഹേഗന്‍: കോവിഡ് – ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനം പ്രതിരോധിക്കാന്‍ ഊര്‍ജിതശ്രമം വേണമെന്ന് ആവശ്യപ്പെട്ട് ലോകാരോഗ്യസംഘടനയും(ഡബ്ല്യു.എച്ച്‌.ഒ.) യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍(ഇ.സി.ഡി.സി.)യും. യൂറോപ്യന്‍ മേഖലയില്‍ ഡെല്‍റ്റാ വകഭേദം അതിവേഗം പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം .

ജൂണ്‍ 22 മുതല്‍ ജൂലായ് 11 വരെ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ യൂറോപ്പിലെമ്പാടും ഡെല്‍റ്റാ വകഭേദം ദ്രുതഗതിയില്‍ വ്യാപിക്കുന്നുവെന്ന് കണ്ടെത്തിയതായി ഡബ്ല്യു.എച്ച്‌.ഒ.യും ഇ.സി.ഡി.സി.യും ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യം പരിശോധിച്ചാല്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ വ്യാപനം അതിരൂക്ഷമാകാനാണ് സാധ്യത. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഡെല്‍റ്റാ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വളരെ വേഗത്തില്‍ വ്യാപിക്കുന്ന ഡെല്‍റ്റാ വകഭേദം മൂലം കൊറോണ കേസുകള്‍ അനിയത്രിതമാകുമെന്നാണ്
ലോകാരോഗ്യ സംഘടന യൂറോപ്യന്‍ മേഖലയുടെ റീജിയണല്‍ ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ് ചൂണ്ടിക്കാട്ടുന്നത് . അതെ സമയം എല്ലാവരും വാക്സിനെടുക്കുന്നത് മരണനിരക്കും രോഗവ്യാപനവും കുറയ്ക്കുമെന്നും ക്ലൂഗ് കൂട്ടിച്ചേര്‍ത്തു.

ഭൂരിഭാഗം രാജ്യങ്ങളിലും വാക്സിനേഷന്‍ നടപടി വേഗത്തില്‍ ലക്‌ഷ്യം കൈവരിക്കാത്തതിനാല്‍ പരിശോധനകളുടെ എണ്ണം കൂട്ടുന്നത് കോവിഡ്-19-ന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് സഹായകമാകുമെന്നും ഇരുസംഘടനകളും അഭിപ്രായപ്പെട്ടു. കോവിഡ് വ്യാപനം തടയുന്നതിന് നമ്മള്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും സാമാന്യബോധം പുലര്‍ത്തുന്നത് തുടരുകയും ചെയ്യണമെന്ന് ഇ.സി.ഡി.സി. ഡയറക്ടര്‍ ആന്‍ഡ്രിയ അമ്മോണ്‍ ചൂണ്ടിക്കാട്ടി .

Related Articles

Back to top button