KeralaLatest

നവംബർ 26 സ്ത്രീധന നിരോധന ദിനമായി ആചരിക്കും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവർഷവും നവംബർ 26ന് സ്ത്രീധന നിരോധന ദിനമായി ആചരിക്കും. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ പുറത്തുവിട്ടു. ഹൈസ്‌കൂൾ മുതൽ കോളേജ് തലം വരെ പഠിക്കുന്ന വിദ്യാർത്ഥികൾ അസംബ്ലിയിൽ അന്നേ ദിവസം പ്രതിജ്ഞയെടുക്കണമെന്ന് ഉത്തരവിൽ പറയുന്നു. അതിനിടെ സ്ത്രീധന നിരോധന നിയമം സ്വകാര്യ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ.

സർക്കാർ ജീവനക്കാർക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും സത്രീധനം വാങ്ങിയിട്ടില്ലെന്ന് സത്യവാങ്മൂലം നൽകാൻ സർക്കാർ നിർദ്ദേശിച്ചു. ആറു മാസത്തിലൊരിക്കൽ ഇതുസംബന്ധിച്ച റിപ്പോർട്ട് വകുപ്പ് മേധാവികൾ ജില്ലാ വനിതാ ശിശു വികസന ഓഫീസർക്ക് നൽകണം. സ്ത്രീധന പീഡന മരണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് സ്ത്രീധന നിരോധന നിയമത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്.

വിവാഹം നടന്ന് ഒരു മാസത്തിനകം വകുപ്പ് മേധാവികളോ സ്ഥാപന മേധാവികളോ സത്യവാങ്മൂലം വാങ്ങിയിരിക്കണം. സത്യവാങ്മൂലത്തിൽ തസ്തികയും ഓഫീസും വ്യക്തമാക്കണം. പിതാവിന്റേയും ഭാര്യയുടേയും ഭാര്യാപിതാവിന്റേയും ഒപ്പും ഇതിൽ നിർബന്ധമാണ്. ഇതിന്റെ മാതൃകയും സംസ്ഥാന സർക്കാർ പുറത്തിറക്കി.

റിപ്പോർട്ട് ആറു മാസത്തിലൊരിക്കൽ ജില്ലാ ഡൗറി പ്രൊഹിബിഷൻ ഓഫീസറായ വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർക്ക് നൽകണം. ഈ കാലയളവിൽ എത്ര ജീവനക്കാർ വിവാഹം കഴിച്ചുവെന്നും എത്രപേർ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും ഇതിൽ വ്യക്തമാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സത്യവാങ്മൂലം നൽകാതിരുന്നാലും വ്യാജസത്യവാങ്മൂലം നൽകിയാലും വകുപ്പുതല നടപടിക്കും നിയമനടപടിക്കുമാണ് നീക്കം.

Related Articles

Back to top button