International

പാകിസ്താനിൽ വീണ്ടും ചൈനീസ് പൗരന്മാർക്ക് നേരെ ആക്രമണം

“Manju”

ഇസ്ലാമാബാദ് : പാകിസ്താനിൽ രണ്ട് ചൈനീസ് പൗരന്മാരെ അജ്ഞാതർ വെടിവച്ചു കൊന്നു. കറാച്ചിയിലാണ് സംഭവം . മോട്ടോർ സൈക്കിളിൽ എത്തിയ അക്രമികൾ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു . മൃതദേഹങ്ങൾ കറാച്ചിയിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി.

കൊലപാതകത്തെ ഒറ്റപ്പെട്ട സംഭവമെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ വിശേഷിപ്പിച്ചത് . ചൈനീസ് പൗരന്മാരെയും അവരുടെ സ്വത്തുക്കളെയും പാകിസ്താൻ സംരക്ഷിക്കുമെന്നതിൽ തങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്നും ഷാവോ ലിജിയാൻ പറഞ്ഞു.

ജൂലൈ 14ന് പാകിസ്താനില്‍ നടന്ന ബസ് സ്‌ഫോടനത്തില്‍ ഒമ്പത് ചൈനീസ് പൗരന്മാർ ഉൾപ്പെടെ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഖൈബർ പഖ്തുൻഖ്വയിലെ അപ്പർ കൊഹിസ്ഥാനിലെ ദാസു ഡാം സൈറ്റിലേക്ക് ചൈനീസ് എഞ്ചിനീയർമാരുമായി പോയ ബസിന് നേരെയാണ് അന്ന് ഐ.ഇ.ഡി ആക്രമണം നടന്നത്. സ്ഫോടനം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് അടുത്ത ആക്രമണം.

ഈ വർഷം ഏപ്രിലിൽ തെക്കുപടിഞ്ഞാറൻ പാകിസ്താനിലെ ക്വറ്റയിൽ ചൈനീസ് അംബാസഡർ പ്രത്യേക പരിപാടി സംഘടിപ്പിച്ച ഹോട്ടലിൽ ബോംബ് പൊട്ടിത്തെറിച്ച് നാല് പേർ കൊല്ലപ്പെട്ടിരുന്നു .

 

Related Articles

Back to top button