IndiaLatest

എയിംസില്‍ തീപിടിത്തം; ആളപായമില്ല.

“Manju”

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ അഗ്നിബാധ. കണ്‍വേര്‍ഷന്‍ ബ്ലോക്കിലെ ഒന്‍പതാം നിലയിലാണ് തീപിടുത്തമുണ്ടായത്. ടീച്ചിംഗ് ബ്ലോക്ക് ആയതിനാല്‍ ആളപായം ഒന്നുമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ടീച്ചിംഗ് ബ്ലോക്കിലാണ് അഗ്നിബാധയുണ്ടായത്. അവിടെ രോഗികളാരും ഉണ്ടായിരുന്നില്ല. ആരെയും രക്ഷപ്പെടുത്തേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല’ ഡല്‍ഹി ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് അറിയിച്ചു. തീ പിടുത്തം നിയന്ത്രണ വിധേയമാക്കിയെന്നും ആര്‍ക്കും പരിക്കുകളൊന്നും ഇല്ലെന്നുമാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസം രാത്രി 10.22ഓടെയായിരുന്നു അപകടമുണ്ടായതെന്നാണ് അഗ്നിശമന വിഭാഗം അറിയിച്ചത്. വിവരം അറിഞ്ഞ് ഫയര്‍ ഫോഴ്സിന്‍റെ ഇരുപത്തിരണ്ട് യൂണിറ്റുകളാണ് സംഭവ സ്ഥലത്ത് കുതിച്ചെത്തിയത്. ഒന്‍പതാം നിലയിലെ മേല്‍ക്കൂരയില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. എന്നാലും സംഭവത്തിന്‍റെ യഥാര്‍ഥ കാരണം വ്യക്തമാകാന്‍ വിശദമായ അന്വേഷണം തന്നെ നടത്തുമെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

സമാനമായ മറ്റൊരു സംഭവത്തില്‍ ഗുജറാത്തിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 18 രോഗികള്‍ മരിച്ചിരുന്നു. ഇക്കഴിഞ്ഞ മെയിലായിരുന്നു ദാരുണ സംഭവം. ഭറൂച്ചിലുള്ള ആശുപത്രിയിലാണ് അപകടം നടന്നത്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന 50 ഓളം രോഗികളെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

അപകടത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗികളായിരുന്നു. പൊള്ളലേറ്റും പുക ശ്വസിച്ചുമായിരുന്നു മരണം. ഭറൂച്ച്‌- ജംബുസാര്‍ ദേശീയ പാതയിലാണ് നാലു നിലകളിലായുള്ള കോവിഡ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഒരു ട്രസ്റ്റിന് കീഴിലാണ് ഇതിന്റെ പ്രവര്‍ത്തനം.

Related Articles

Back to top button