വാമനപുരം പഴയപാലം സംരക്ഷിത സ്മാരകമാകുന്നു
കിളിമാനൂര്‍ (തിരുവനന്തപുരം): സംസ്ഥാനപാതയില്‍ കാരേറ്റിന് സമീപം വാമനപുരം നദിക്ക് കുറുകേയുള്ള വാമനപുരം പഴയപാലം സംരക്ഷിത സ്മാരകമാക്കുന്നു. ഇതോടെ, സഫലമാകുന്നത്, തദ്ദേശവാസികളുടെയും പഴമക്കാരുടെയും പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ്.
രാജഭരണകാലത്ത് വാമനപുരം നദിക്ക് കുറുകെ 1936 ല്‍ ബ്രിട്ടിഷുകാര്‍ അന്നത്തെ സാങ്കേതികവിദ്യയില്‍ നിര്‍മിച്ചതാണ് വാമനപുരം പഴയപാലം. കരിങ്കല്ലില്‍ സുര്‍ക്കി ഉപയോഗിച്ചാണ് പാലത്തിന്റെ തൂണുകള്‍ പടുത്തുയര്‍ത്തിയത്. പാലം ഇരുമ്ബ്-ഉരുക്ക് പാളങ്ങള്‍ നിരത്തിയാണ് നിര്‍മിച്ചത്. ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുടെ കാലത്ത് നിര്‍മിച്ച പാലങ്ങള്‍ പോലും പലതും കാല്‍നൂറ്റാണ്ടിനകം പൊളിഞ്ഞുപോകുമ്പോള്‍, എട്ടരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും പാലത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
സംസ്ഥാനപാതയില്‍ വാഹനത്തിരക്കേറുകയും റോഡിന് ആനുപാതികമായി പാലത്തിന് വീതി കൂട്ടാന്‍ കഴിയാതെ വന്നപ്പോഴാണ് ഇവിടെ പുതിയ പാലം നിര്‍മിച്ചത്. തുടര്‍ന്ന് കാടുകയറി പഴയപാലം നാശോന്മുഖമായി. ഇതു സംബന്ധിച്ച് മാധ്യമങ്ങള്‍ നിരന്തരം ഇടപെടലുകള്‍ നടത്തി. പാലം സംരക്ഷിത സ്മാരകമാക്കണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തി.
കഴിഞ്ഞ സര്‍ക്കാറിെന്റ കാലത്ത് പൊതുമരാമത്ത് വകുപ്പിനോട് പഴയപാലം പുനരുദ്ധരിച്ചെടുക്കാന് അഭ്യര്‍ഥിച്ചിരുന്നെങ്കിലും നടന്നില്ലെന്നും തുടര്‍ന്ന് കെ. എസ്.ടി.പി വര്‍ക്കുകളുടെ റിവ്യൂ നടക്കുന്നവേളയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ചിത്രങ്ങളുമടക്കം ഇത് സംരക്ഷിത സ്മാരകമാക്കണം എന്നാവശ്യപ്പെട്ട് മന്ത്രി ജി. സുധാകരന് നിവേദനം നല്‍കിയതായും ബി. സത്യന് എം. എല്‍.എ അറിയിച്ചു.
ഇതിനെതുടര്‍ന്ന് ആദ്യഘട്ടമെന്ന നിലക്ക് പാലം പെയിന്റ് ചെയ്ത് സംരക്ഷിക്കാന്‍ ആറുലക്ഷം രൂപക്ക് അനുമതി നല്കി. പാലത്തിലെ സ്റ്റീല്‍ സംരക്ഷണഭിത്തി സില്‍വര്‍ കളര്‍ പെയിന്റ് ചെയ്ത് മിനുക്കും. പഴയ സാങ്കേതികവിദ്യയിലുള്ള പാലത്തിന്റെനിര്മാണ വൈദഗ്ധ്യം പുതുതലമുറക്ക് പാഠ്യവിഷയമാക്കാനാവും. മന്ത്രി ജി. സുധാകരന് പാലം നേരിട്ടുകാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും എം.എല്‍.എ പറഞ്ഞു.