International

അഫ്ഗാനിസ്താനിൽ പ്രതിഷേധം; നിരത്തിലിറങ്ങിയവരിൽ ഉപരാഷ്‌ട്രപതിയും

“Manju”

കാബൂൾ : താലിബാൻ ഭീകരർക്കും പാക് ഭരണകൂടത്തിനുമെതിരെ അഫ്ഗാനിസ്താനിൽ വ്യാപക പ്രതിഷേധം. അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. അല്ലാഹു പാകിസ്താന്റെ സ്വത്തല്ലെന്ന് പറഞ്ഞ അമറുള്ള ഭീകരർ മരിച്ചു വീഴട്ടെയെന്നും ട്വിറ്ററിൽ കുറിച്ചു.

അഫ്ഗാനിൽ സാധാരണക്കാരെ കൊന്നൊടുക്കുന്ന താലിബാൻ ഭീകരർക്ക് പിന്തുണ നൽകുന്നത് പാകിസ്താനാണെന്ന വിവരം പുറത്തുവന്നതോടെയാണ് ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ ആരംഭിച്ചത്. രാജ്യത്തെ ജനങ്ങളെ പ്രതിനിധീകരിച്ച് അഫ്ഗാൻ വൈസ് പ്രസിഡമന്റ് അമറുള്ള സലേയും രംഗത്തെത്തി. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടേയും മറ്റ് ഭീകരസംഘടനകളുടേയും പ്രധാന ലക്ഷ്യമാണ് അമറുള്ള സലേ. ഭീകരപ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന സലേയ്‌ക്ക് വധിഭീഷണിയുള്ളതിനാൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യം സുരക്ഷാ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ജനങ്ങൾക്കൊപ്പം തെരുവിലിറങ്ങി അദ്ദേഹം പ്രതിഷേധിച്ചത്.

അല്ലാഹു അക്ബർ വിളിച്ചാണ് അമറുള്ള ഉൾപ്പെടെയുള്ളവർ പാകിസ്താനും താലിബാനുമെതിരെ പ്രതിഷേധം നടത്തിയത്. അല്ലാഹു പാകിസ്താന്റെ സ്വത്തല്ലെന്നും പ്രതിഷേധത്തിനിടെ സലേ പറഞ്ഞു. ഇത്തരത്തിൽ സമരം നടത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കാബൂളിലെ പ്രതിരോധ മന്ത്രിയുടെ വസതിയ്‌ക്ക് സമീപം കഴിഞ്ഞ ദിവസം ഭീകരാക്രമണം നടന്നിരുന്നു. കാറിൽ ബോംബ് ഘടിപ്പിച്ച നടത്തിയ ആക്രമണത്തിൽ മൂന്ന് പ്രദേശവാസികളും മൂന്ന് ഭീകരരും കൊല്ലപ്പെട്ടു. കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്ന പ്രദേശത്താണ് ഭീകരാക്രമണം നടന്നത്. ഇതിന് പിന്നിൽ താലിബാൻ ഭീകരരാണ് എന്ന സൂചനയും ലഭിക്കുന്നുണ്ട്.

താലിബാൻ 2.0 എന്നത് അഫ്ഗാനിലെ ഐഎസ് ശാഖയുടേയും, അൽ ഖ്വായ്ദയുടേയും തനി പകർപ്പാണെന്നും ഇവർ ലോകത്ത് ഭീകരാക്രമണങ്ങൾ വർദ്ധിപ്പിക്കുകയാണെന്നും സലേ നേരത്തെ വ്യക്തമാക്കിയിരുന്നു. ലഷ്‌കർ ഇ ത്വായ്ബ ഭീകരരുമായും ഇവർക്ക് ബന്ധമുണ്ടെന്നും സലേ ചൂണ്ടിക്കാട്ടി.

Related Articles

Back to top button