IndiaKeralaLatest

കോവാക്സിന്‍ നിര്‍മ്മിക്കാന്‍ മറ്റ് കമ്പനികളെ ക്ഷണിച്ച്‌ കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയും രാജ്യത്ത് എല്ലാവരെയും വാക്സിനേറ്റ് ചെയ്യാന്‍ പര്യാപ്തമായ ഡോസുകള്‍ നിലവില്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിര്‍ണായക നീക്കവുമായി കേന്ദ്രം. ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ ഉല്‍പാദിപ്പിക്കാന്‍ മറ്റ് വാക്സിന്‍ നിര്‍മാതക്കളെയും കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചു. നിതി ആയോഗ് അംഗം ഡോ.വി.കെ. പോള്‍ ആണ് ഇക്കാര്യം അറിയിച്ചത്.
“കോവാക്സിന്‍ നിര്‍മിക്കാന്‍ മറ്റ് കമ്ബനികളെയും അനുവദിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഭാരത് ബയോടെക്കുമായി ചര്‍ച്ചചെയ്തപ്പോള്‍ അവര്‍ ഈ നിര്‍ദേശം അംഗീകരിക്കുകയും മറ്റ് കമ്ബനികളെ ക്ഷണിക്കുകയും ചെയ്തു. ഇത് ചെയ്യാന്‍ ആഗ്രഹിക്കുന്ന കമ്ബനികള്‍ക്ക് ഞങ്ങള്‍ ഒരു തുറന്ന ക്ഷണം നല്‍കുന്നു. കോവാക്സിന്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന കമ്ബനികള്‍ ഇത് ഒരുമിച്ച്‌ ചെയ്യണം. ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്രം സഹായിക്കും,” വി.കെ. പോള്‍ പറഞ്ഞു.
കേന്ദ്രത്തിന്റെ വാക്സിന്‍ നയം പാളിയെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് നിര്‍ണായക തീരുമാനം. ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 200 കോടിയിലധികം കൊറോണ വൈറസ് വാക്സിനുകള്‍ ലഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദിപ്പിക്കുന്ന 75 കോടി ഡോസ് വാക്സീനും ഭാരത് ബയോടെക് ഉല്‍പാദിപ്പിക്കുന്ന 55 കോടി ഡോസ് കോവാസ്കീനുമുള്‍പ്പെടെയാണ് 200 കോടി ഡോസ് ലഭ്യമാകുക. 5 മാസത്തിനുള്ളില്‍ രാജ്യത്തെ ജനങ്ങള്‍ക്കായി 216 കോടി വാക്സീന്‍ ഡോസുകളാണ് നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ 300 കോടി ഡോസ് ഉല്‍പാദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പല സംസ്ഥാനങ്ങളിലും വാക്സിനുകളുടെ കുറവ് മൂലം അസ്ട്രാസെനെക്ക വാക്സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള 16 ആഴ്ച വരെ നീട്ടിയിട്ടുണ്ട്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര വിഹിതത്തിന് കാത്തുനില്‍ക്കാതെ സ്വന്തം നിലയ്ക്ക് വാക്സിന്‍ വാങ്ങിയെങ്കിലും വിതരണത്തിന് ആവശ്യമായ തോതില്‍ ഉല്‍പാദനം നടക്കുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ ഉല്‍‌പാദക രാജ്യമാണെങ്കിലും രാജ്യത്ത് ആവശ്യമായ വാക്സിനില്ല. വ്യാഴാഴ്ച വരെ ഇത് 3.82 കോടിയിലധികം ആളുകള്‍ക്കാണ് വാക്സിനേഷന്‍ നല്‍കിയത്. 135 കോടി ജനസംഖ്യയുടെ 2.8 ശതമാനം മാത്രമാണ് ഇത്.

Related Articles

Back to top button