International

ഒക്‌ടോബര്‍ 27 കരിദിനമായി ആചരിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കം തകര്‍ത്ത് സൗദി അറേബ്യയും ഇറാനും

“Manju”

ടെഹ്‌റാന്‍/റിയാദ്∙ ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായ ഒക്‌ടോബര്‍ 27 കരിദിനമായി ആചരിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കം തകര്‍ത്ത് സൗദി അറേബ്യയും ഇറാനും. പശ്ചിമേഷ്യയിലെ സമവാക്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായി മാറിമറിയുന്നതിന്റെ സൂചനയാണിതെന്ന് നയതന്ത്രരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ടെഹ്‌റാന്‍ സര്‍വകലാശാലയില്‍ കരിദിനം ആചരിക്കണമെന്ന് ഇറാനിലെ പാക്കിസ്ഥാന്‍ എംബസിയാണ് ആവശ്യമുന്നയിച്ചത്. എന്നാല്‍ ഇസ്‌ലാമാബാദിനെ ഞെട്ടിച്ചു കൊണ്ട് ഇറാന്‍ ചടങ്ങിന് അനുമതി നിഷേധിക്കുകയായിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യന്‍ നടപടിക്കെതിരെ വിവിധ രാജ്യങ്ങളുടെ പിന്തുണ ആര്‍ജിക്കാനുള്ള ഇമ്രാന്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കും ഇറാന്റെ നിലപാട് തിരിച്ചടിയായി.

റിയാദില്‍ പാക്കിസ്ഥാന്‍ കോണ്‍സുലേറ്റില്‍ സമാനമായ പരിപാടി നടത്താനുള്ള നീക്കം സൗദി ഭരണകൂടവും തടഞ്ഞു. ആര്‍ട്ടിക്കിള്‍ 370ല്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് സൗദി രാജകുടുംബത്തെ പാക്ക് വിദേശകാര്യമന്ത്രി ഷാ മഹമ്മുദ് ഖുറേഷി വിമര്‍ശിച്ചതിനു പിന്നാലെ 3 ബില്യന്റെ വായ്പ പെട്ടെന്നു തിരിച്ചടയ്ക്കാന്‍ സൗദി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വയെ അയച്ചാണ് ഇമ്രാന്‍ സൗദി ഭരണകൂടത്തെ അനുനയിപ്പിച്ചത്.

രണ്ട് പ്രമുഖ ഇസ‌്‌ലാമിക  രാജ്യങ്ങളുടെയും നിലപാട് മാറ്റം മധ്യപൂര്‍വേഷ്യയിലെ പാക്ക് ബന്ധങ്ങളുടെ സമവാക്യങ്ങളിലുണ്ടാകുന്ന നിര്‍ണായക മാറ്റത്തിന്റെ സൂചനയായാണു വിലയിരുത്തപ്പെടുന്നത്. മേഖലയില്‍ ആധിപത്യത്തിനു ശ്രമിക്കുന്ന തുര്‍ക്കിയുമായി പാക്കിസ്ഥാന്‍ അടുക്കുന്നതാണ് മറ്റു രാജ്യങ്ങളെ വേറിട്ടു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാക്‌സ് ഫോഴ്‌സിന്റെ പ്ലീനറി സെഷനില്‍ പങ്കെടുത്ത 39 രാജ്യങ്ങളില്‍ പാക്കിസ്ഥാനെ ‘ഗ്രേ പട്ടിക’യില്‍ ഉള്‍പ്പെടുത്തുന്നതിനെ അനുകൂലിക്കാതിരുന്നത് തുര്‍ക്കി മാത്രമാണ്. സൗദി ഉള്‍പ്പെടെ പാക്കിസ്ഥാനെതിരെ വോട്ട് ചെയ്തു. ഇതിനു പുറമേ സൗദി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ കറന്‍സി നോട്ടിന്റെ പിന്‍ഭാഗത്തുള്ള ലോകഭൂപടത്തില്‍ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനും കശ്മീരും പാക്കിസ്ഥാന്റെ ഭാഗമായല്ല അടയാളപ്പെടുത്തിയിരിക്കുന്നത്.

ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള യുഎഇയുടെ തീരുമാനമാണ് മേഖലയിലെ നയതന്ത്ര ബന്ധങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. മലേഷ്യയും തുര്‍ക്കിയും പരസ്യമായി ഇതിനെ എതിര്‍ത്തെങ്കിലും പാക്കിസ്ഥാന്‍ കരുതിയാണു പ്രതികരിച്ചത്. തുര്‍ക്കി, മലേഷ്യം ചൈന, റഷ്യ എന്നീ രാജ്യങ്ങളെ ചേര്‍ത്ത് പുതിയ അച്ചുതണ്ട് രൂപീകരിക്കാനാണു പാക്കിസ്ഥാന്റെ ശ്രമം.

മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള തീവ്രശ്രമമാണ് തുര്‍ക്കി നടത്തുന്നത്. ഇറാഖ്, സിറിയ, ലിബിയ എന്നിവിടങ്ങളില്‍ തുര്‍ക്കിയുടെ സൈനികര്‍ രംഗത്തുണ്ട്. ഖത്തറിലും തുര്‍ക്കിയുടെ സൈനികസാന്നിധ്യമുണ്ട്. സൊമാലിയ തലസ്ഥാനമായ മൊഗാദിഷുവിിലും തുര്‍ക്കി സൈനിക താവളം സജ്ജമാക്കിയിരുന്നു. യെമനില്‍ സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യത്തിനും വെല്ലുവിളിയാണ് തുര്‍ക്കിയെന്നും വിലയിരുത്തലുണ്ട്.

Related Articles

Back to top button