IndiaLatest

വിവാഹ രജിസ്ട്രേഷന്‍ വിഡിയോ കോണ്‍ഫറന്‍സില്‍ നടത്താം; സുപ്രിംകോടതി

“Manju”

ന്യൂഡല്‍ഹി: വിവാഹ രജിസ്‌ട്രേഷന് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് സുപ്രിംകോടതി. വധൂവരന്മാരെ വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുപ്പിച്ച്‌ രജിസ്‌ട്രേഷന്‍ നടത്താമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സാങ്കേതികവിദ്യയ്ക്കൊപ്പം നിയമങ്ങള്‍ സഞ്ചരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാരായ ഇന്ദിരാ ബാനര്‍ജി, വി. രാമസുബ്രമണ്യം എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിര്‍ദേശം.

1954ല്‍ പ്രത്യേക വിവാഹനിയമം നിലവില്‍ വരമ്പോള്‍ സാങ്കേതികവിദ്യ ഇന്നത്തെപ്പോലെ പുരോഗമിച്ചിരുന്നില്ല. ഇന്റര്‍നെറ്റോ കമ്പ്യൂട്ടറോ ഇല്ല. പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനല്ല നിയമങ്ങള്‍. മാമൂലുകള്‍ ഉയര്‍ത്തി തടസങ്ങള്‍ സൃഷ്ടിക്കാനും രജിസ്ട്രേഷന്‍ വകുപ്പ് തുനിയരുത്, ബഞ്ച് പറഞ്ഞു.

ഈ രീതിയിലുള്ള വിവാഹത്തിന് സാധുത നല്‍കി പഞ്ചാബ് – ഹരിയാന ഹൈക്കോടതി നല്‍കിയ അനുകൂല ഉത്തരവിനെതിരെയുള്ള ഹരിയാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയാണ് കോടതിയുടെ നിര്‍ദേശം. 2019 ഡിസംബര്‍ 19ന് വിവാഹം ഉറപ്പിച്ചിരുന്ന മിഷ വെ‌ര്‍മ,​ അമി രജ്ഞന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍. വിവാഹനിശ്ചയത്തിന് ശേഷം ഇരുവരും തങ്ങളുടെ ജോലി സ്ഥലങ്ങളായ ലണ്ടനിലേക്കും അമേരിക്കയിലേക്കും മടങ്ങി. കോവിഡ് മൂലം രണ്ട് രാജ്യങ്ങളില്‍ കുടുങ്ങിയതോടെയാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹ രജിസ്ട്രേഷന് അനുമതി തേടിയത്. എന്നാല്‍ അപേക്ഷ ഗുരുഗ്രാം ഡെപ്യൂട്ടി കമ്മിഷണര്‍ നിരസിച്ചു. ഇതിനെതിരെ ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചെങ്കിലും, സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോള്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം 45 ദിവസത്തിനുള്ളില്‍ വിവാഹത്തിന് അനുമതി നല്‍കണമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

Related Articles

Back to top button