KeralaLatest

ഓണവിപണിയില്‍ 1000 രൂപവിലയുള്ള ഭക്ഷ്യകിറ്റുമായി സപ്ലൈകോ

ഇടത്തരം ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് സപ്ലൈകോ 1000 രൂപവിലയുള്ള ഭക്ഷ്യകിറ്റ് വിപണിയിലിറക്കുന്നത്

“Manju”

കൊച്ചി: ഇടത്തരം ഉപഭോക്താക്കളെ ലക്ഷ്യമി​ട്ട് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ 1000 രൂപവിലയുള്ള ഭക്ഷ്യകിറ്റ് വിപണിയിലിറക്കുമെന്ന് മന്ത്രി അഡ്വ.ജി.ആര്‍. അനില്‍ പറഞ്ഞു. എറണാകുളം ഗാന്ധിനഗറിലെ സപ്ലൈകോ കേന്ദ്രകാര്യാലയത്തില്‍ വാര്‍ത്താസമ്മേളനം നടത്തുകയായി​രുന്നു മന്ത്രി. ഓരോ സൂപ്പര്‍മാര്‍ക്കറ്റും ഈ ഓണക്കാലത്ത് കുറഞ്ഞത് 250 കിറ്റുകള്‍ വീതം വിതരണം ചെയ്യും. സപ്ലൈകോയുടെ കീഴില്‍ 500 സൂപ്പര്‍ മാര്‍ക്കറ്റുകളാണ് സംസ്ഥാനത്തുള്ളത്. ബിസിനസ് പ്രമോഷന്റെ ഭാഗമായി ഓരോ 100 കിറ്റിനും ഒരു സമ്മാനവും ഉണ്ടാകും. പൊതുവിപണിയേക്കാള്‍ കുറഞ്ഞവിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്ന സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്ക് ഇടത്തരക്കാരായ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയെന്നതാണ് ലക്ഷ്യം. ഓണക്കാലത്ത് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ ഭക്ഷ്യകിറ്റുമായി ഇതിന് ബന്ധമില്ല.

ഓണം വിപണിയില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ കുറച്ചുകൂടി കാര്യക്ഷമമായ ഇടപെടലുണ്ടാകും. ഹോര്‍ട്ടി കോര്‍പ്പ്, മില്‍മ, മീറ്റ് പ്രൊഡക്‌ട് ഒഫ് ഇന്ത്യ, കേരഫെഡ് തുടങ്ങിയ ഏജന്‍സികളുമായി സഹകരിച്ച്‌ 14 ജില്ലാ കേന്ദ്രങ്ങളിലും 140 നിയമസഭ മണ്ഡലങ്ങളിലും ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 6 വരെ ഓണം ഫെയറുകള്‍ പ്രവര്‍ത്തിക്കും. ഇതിനുപുറമെ തിരുവനന്തപുരം കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ മെട്രോ ഫെയറുകളും തുറക്കും. ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 27ന് തിരുവനന്തപുരത്ത് നടക്കും.
സംസ്ഥാനത്തെ 57 ശതമാനം കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി വിതരണം ചെയ്തിരുന്ന ഗോതമ്ബിന്റെ അലോട്ടുമെന്റ് ഒരുവര്‍ഷത്തേക്ക് നിറുത്തിവച്ചിരിക്കുന്ന സാഹചര്യത്തില്‍ അതേ വിലയ്ക്ക് 10,000 മെട്രിക് ടണ്‍ റാഗി നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ കഴിഞ്ഞ രണ്ട് മൂന്നുമാസമായി അനാഥാലയം, അഗതിമന്ദിരം തുടങ്ങിയവയ്ക്കുള്ള സൗജന്യ അരിവിതരണവും നിറുത്തിവച്ചിരിക്കുകയായിരുന്നു. ഇതും അടുത്തമാസം മുതല്‍ പുനരാരംഭിക്കാമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി ഉറപ്പുനല്‍കി​യതായും മന്ത്രി പറഞ്ഞു. 900 ല്‍ അധികം ക്ഷേമസ്ഥാപനങ്ങളും 36,000 അന്തേവാസികളുമാണ് സംസ്ഥാനത്തുള്ളത്. 22,000 കിലോലിറ്റര്‍ നോണ്‍ – സബ്സിഡി മണ്ണെണ്ണ അനുവദിക്കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കി​യിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button