IndiaLatest

പാക് വ്യോമസേനയുടെ വിമാനം തകര്‍ന്നു വീണു

“Manju”

ഇസ്ലാമാബാദ് : പരിശീലനപറക്കലിനിടെ ഇന്ത്യന്‍ കരസേനയുടെ ഹെലികോപ്ടര്‍ ജമ്മുകാശ്മീരിലെ ഉദ്ദംപൂരിലെ പട്നടോപ് മലനിരകളില്‍ തകര്‍ന്നുവീണ് രണ്ട് സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചത് ദുഃഖത്തോടെയാണ് രാജ്യം കേട്ടത്. എന്നാല്‍ ഈ സംഭവം പാകിസ്ഥാനിലെ സമൂഹമാദ്ധ്യമങ്ങളില്‍ ആഘോഷിച്ചവരുമുണ്ടായിരുന്നു. പരിശീലനപറക്കലില്‍ ഉണ്ടാവുന്ന അപകടത്തെ പോലും ആഘോഷമാക്കിയവര്‍ക്ക് മണിക്കൂറുകള്‍ക്കകം പക്ഷേ ദുഃഖിക്കേണ്ടി വന്നു. പാകിസ്ഥാന്‍ വ്യോമസേനയുടെ (പിഎഎഫ്) ട്രെയിനര്‍ ജെറ്റ് തകര്‍ന്നു വീണതിനെ തുടര്‍ന്നാണിത്. ഖൈബര്‍ പക്തുന്‍ഖ്വ പ്രവിശ്യയിലാണ് വൈമാനികരെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുന്ന വിമാനം തകര്‍ന്ന് വീണത്. വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് എന്ത് സംഭവിച്ചു എന്ന് ഇനിയും വ്യക്തമല്ല. പ്രാദേശിക മാദ്ധ്യമങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു എന്നാണ്.
പാകിസ്ഥാനില്‍ അടിക്കടി യുദ്ധവിമാനങ്ങള്‍ തകര്‍ന്ന് വീഴുന്നുണ്ട്. പ്രധാനമായും ചൈനയില്‍ നിന്നും വാങ്ങിയതും, ചൈനീസ് സഹായത്തോടെ നിര്‍മ്മിക്കപ്പെട്ടതുമായ വിമാനങ്ങളാണ് തകരുന്നത്. കഴിഞ്ഞ ജൂലായിലും പാക് പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് നഗരത്തിന് സമീപം ഒരു പാകിസ്ഥാന്‍ ട്രെയിനര്‍ വിമാനം തകര്‍ന്നുവീണിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലും സമാനമായ വിമാനം അപകടത്തില്‍ പെട്ട് തകര്‍ന്നിരുന്നു. അതേസമയം പാകിസ്ഥാനില്‍ നിന്നും 12 ജെഎഫ് 17 തണ്ടര്‍ എയര്‍ക്രാഫ്റ്റ് വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുകയാണ് അര്‍ജന്റീന. ദക്ഷിണ കൊറിയ, സ്വീഡന്‍ എന്നിവിടങ്ങളില്‍ നിന്നും വിമാനം വാങ്ങുവാനാണ് അര്‍ജന്റീന ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ കരാര്‍ ഒപ്പിടാന്‍ കഴിയാതെ പോവുകയായിരുന്നു.

Related Articles

Back to top button