IndiaLatest

സക്കീറിന്റെ പ്രവർത്തനം തികച്ചും മാതൃകാപരം -അഡ്വ ജി ആർ അനിൽ

“Manju”

നെടുമങ്ങാട്‌ : വീടും സ്ഥലവും ഇല്ലാത്ത കണിയാപുരം സ്വദേശി അശോകനും കുടുംബത്തിനും താങ്ങായി സിപിഐ മുൻ ജില്ലാ കൗൺസിൽ അംഗവും മുൻ പഞ്ചായത്ത് പ്രസിഡണ്ടും ആയിരുന്ന പി എം അസനാരുപിള്ളയുടെ മകൻ സക്കീർ. പള്ളിപ്പുറം വില്ലേജിൽ മുഴുതിരിയാവട്ടം എന്ന സ്ഥലത്തുള്ള നാല് സെന്റ് സ്ഥലമാണ് സക്കീർ അശോകന്റെ കുടുംബത്തിനായി ദാനം നൽകിയത്. സക്കീറിന്റെ ഈ പ്രവർത്തനം തികച്ചും മാതൃകാപരമാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി ആർ അനിൽ പറഞ്ഞു. സ്ഥലത്തിന്റെ പ്രമാണം യോഗത്തിൽ വച്ച് അശോകന്റെ കുടുംബത്തിന് കൈമാറി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘകാലം അണ്ടൂർകോണം പഞ്ചായത്ത് പ്രസിഡന്റും, കയർ തൊഴിലാളി നേതാവും കഴക്കൂട്ടം, കണിയാപുരം, മുരുക്കുംപുഴ, മേഖലകളിൽ കയർ തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ അവകാശ പോരാട്ടങ്ങളിൽ മുന്നിൽ നിന്ന് നയിച്ച അസനാരു പിള്ളയുടെ സ്മരണ നിലനിർത്തുന്നതിന് അദ്ദേഹത്തിന്റെ കുടുംബം ചെയ്യുന്ന മികച്ച ജീവകാരുണ്യ പ്രവർത്തിയും ഉദാത്തമായ മാതൃക തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തമായി ഒരു കൂര വയ്ക്കാൻ ഒരുതുണ്ട് ഭൂമിക്കുവേണ്ടി കാത്തിരിക്കുന്നവരെ സഹായിക്കുവാൻ നമ്മുടെ നാട്ടിൽ ഇതുപോലുള്ളവർ മുന്നോട്ടു വരേണ്ടതുണ്ട് എന്നും മന്ത്രി ഓർമ്മിപ്പിച്ചു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ അധ്യക്ഷനായ യോഗത്തിൽ ജില്ലാപഞ്ചായത്ത് അംഗം എം ജലീൽ, ഉനൈസഅൻസാരി, അഫ്സൽ കണിയാപുരം, അയിരൂപ്പാറ രാമചന്ദ്രൻ, ജയകുമാർ,എം എ കബീർ, റഷീദ്,പി ഭുവനേന്ദ്രൻ നായർ, വി മുരളീധരൻ നായർ, മാജിദ ബീവി, പുഷ്പ വിജയൻ, തുടങ്ങിയവർ സംസാരിച്ചു

 

Related Articles

Back to top button