LatestThiruvananthapuram

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ‍ശുപാര്‍ശ

“Manju”

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ശുപാർശ ചെയ്ത് 11-ാം ശമ്പള പരിഷ്കരണ കമ്മിഷന്‍ അന്തിമ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറി. ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസ്സില്‍ നിന്ന് 57 വയസ്സാക്കാനാണ് ശുപാര്‍ശ. ഇതോടൊപ്പം സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയില്‍ 5 ആക്കി കുറയ്ക്കണം. ഇതിനനുസരിച്ച്‌ ജോലി ചെയ്യുന്ന സമയം വര്‍ധിപ്പിക്കണം. പകല്‍ 10 മുതല്‍ 5 വരെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ഉച്ചയ്ക്ക് 1.15 മുതല്‍ 2 വരെ ഇടവേളയാണ്. പ്രവൃത്തി ദിനം നഷ്ടപ്പെടുന്നതിനു പരിഹാരമായി പ്രവൃത്തി സമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 ആക്കി ദീര്‍ഘിപ്പിക്കണം.

പട്ടിക വിഭാഗങ്ങള്‍ക്കും ഒബിസി വിഭാഗങ്ങള്‍ക്കും മാറ്റിവച്ചിട്ടുള്ള സംവരണത്തിന്റെ 20% ആ വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. വര്‍ഷത്തിലെ അവധി ദിനങ്ങള്‍ 12 ആക്കി കുറയ്ക്കണം. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങളോ മറ്റോ ഉണ്ടെങ്കില്‍ മാത്രമേ പ്രാദേശിക അവധികള്‍ അനുവദിക്കേണ്ടതുള്ളൂ. ആര്‍ജിതാവധി വര്‍ഷം 30 ആക്കി ചുരുക്കണം. ഓരോ വകുപ്പും വീട്ടിലിരുന്നു ചെയ്യാവുന്ന ജോലികള്‍ കണ്ടെത്തണം. വര്‍ക്ക് ഫ്രം ജോലിക്കായി ഉദ്യോഗസ്ഥര്‍ക്ക് മാറിമാറി അവസരം നല്‍കണം.

സര്‍ക്കാര്‍ എയ്‌ഡഡ് സ്കൂളുകളിലെ നിയമന ഒഴിവുകള്‍ ഏറ്റവും പ്രചാരമുള്ള രണ്ടു മലയാളം പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണം. വിദ്യാഭ്യാസ വകുപ്പിന്റെയും സ്കൂളിന്റെയും വെബ്സൈറ്റിലും ഒഴിവുകള്‍ പ്രസിദ്ധീകരിക്കണം. ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ മാനേജ്മെന്റ്, യൂണിവേഴ്സിറ്റി, സര്‍ക്കാര്‍ പ്രതിനിധികള്‍ ഉണ്ടാവണം. നിയമനത്തിനായുള്ള അഭിമുഖത്തിന്റെ ഓഡിയോയും വിഡിയോയും പകര്‍ത്തി സൂക്ഷിക്കണം. നിയമനം സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ ഓംബുഡ്സ്മാനെ നിയമിക്കണം. ഹൈക്കോടതിയില്‍ നിന്നോ സുപ്രീം കോടതിയില്‍ നിന്നോ വിരമിച്ച ജസ്റ്റിസിനെയാണ് ഓംബുഡ്സ്മാനായി നിയമിക്കേണ്ടത്.

ഭരണ രംഗത്ത് കാര്യക്ഷമതയാണ് ആവശ്യം. സാധാരണക്കാരന്റെ യഥാര്‍ഥ പ്രശ്നം എന്താണെന്ന് ഉള്‍ക്കൊള്ളാനുള്ള മനോഭാവം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണം. മര്യാദയോടെയുള്ള പെരുമാറ്റമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യം. പിഎസ്‌സി റിക്രൂട്ട്മെന്റ് കാര്യക്ഷമമാക്കുക. അതിവേഗം റ്രിക്രൂട്ട്മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കുക. ചെലവ് കുറയ്ക്കുന്നതിനായി പിഎസ്‌സി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുക. കാലികമായ മാറ്റങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം പരിഷ്കരിക്കുക. ഇവയൊക്കെയാണ് മറ്റ് പ്രധാന ശുപാര്‍ശകള്‍.

Related Articles

Back to top button