IndiaLatest

പാരാലിമ്പിക്സില്‍ ‍മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി : ടോക്കിയോ പാരാലിമ്പിക്സില്‍ രാജ്യത്തിന്റെ നേട്ടത്തെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി. സിംഗിള്‍സ് ബാഡ്മിന്റണ്‍ എസ്‌എച്ച് 6 വിഭാഗത്തില്‍ കൃഷ്ണ നഗര്‍ സ്വര്‍ണം നേടിയപ്പോള്‍ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്‌എല്‍ 4 വിഭാഗത്തില്‍ സുഹാസ് യതിരാജ് വെള്ളി കരസ്ഥമാക്കി. പാരാലിമ്പിക്സ് അവസാന ദിവസവും നേട്ടം കൊയ്ത രാജ്യത്തിന്റെ അഭിമാന താരങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

നോയിഡ ജില്ലാ മജിസ്ട്രേറ്റുകൂടിയായ സുഹാസ് എല്‍ യതിരാജിനെ പ്രധാനമന്ത്രി ഫോണില്‍ വിളിച്ചാണ് അഭിനന്ദിച്ചത്. യതിരാജിന്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ നരേന്ദ്ര മോദി അതിശയകരമായ പ്രകടനമാണ് താരം കാഴ്ചവെച്ചത് എന്ന് പറഞ്ഞു. കായിക രംഗത്തും ജനങ്ങളെ സേവിക്കുന്നതിലും മുന്നില്‍ നില്‍ക്കുന്ന വ്യക്തിയാണ് യതിരാജ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പാരാലിമ്പിക്സില്‍ മെഡല്‍ നേടുന്ന രാജ്യത്തെ ആദ്യത്തെ ഐഎഎസ് ഉദ്യോഗസ്ഥന്‍ കൂടിയാണ് യതിരാജ്.

ഇന്ത്യന്‍ താരത്തെ അഭിനന്ദിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തി. ഭരണ ചുമതലകള്‍ കാര്യക്ഷമമായി നിര്‍വ്വഹിക്കുന്നതിനോടൊപ്പം അദ്ദേഹം പാരാലിമ്പിക്സിലും വിജയം കരസ്ഥമാക്കിയിരിക്കുകയാണ്. നേരത്തെയും അദ്ദേഹം ഇത്തരത്തില്‍ മെഡലുകള്‍ നേടിയിട്ടുണ്ടെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്ക് അഞ്ചാമത് സ്വര്‍ണ മെഡല്‍ നേടിത്തന്ന കൃഷ്ണ നഗറിനെയും നരേന്ദ്ര മോദി അഭിനന്ദിച്ചു. ടോക്കിയോ ഒളിമ്പിക്സില്‍ രാജ്യത്തിന്റെ ബാഡ്മിന്റണ്‍ താരങ്ങള്‍ മുന്നിലെത്തുന്നത് വളരെയധികം സന്തോഷം പകരുന്നു. സ്വര്‍ണം നേടിയതിലൂടെ കൃഷ്ണ നഗര്‍ ഓരോ ഇന്ത്യക്കാരന്റെയും മുഖത്ത് പുഞ്ചിരി നിറച്ചിരിക്കുകയാണെന്ന് മോദി വ്യക്തമാക്കി. ബാഡ്മിന്റണ്‍ വിഭാഗത്തില്‍ രണ്ടാം മെഡല്‍ നേടിയ ഒളിമ്പിക്സ് താരം അഭിനവ് ബിന്ദ്രയും കൃഷ്ണ നഗറിനെ പ്രശംസിച്ചു. യഥാര്‍ത്ഥ ചാമ്പ്യനെപ്പോലെ മത്സരിക്കുകയും കഠിനമായ സാഹചര്യങ്ങളില്‍ നിന്ന് പോരാടുകയുമാണ് കൃഷ്ണ നഗര്‍ ചെയ്തതെന്ന് ബിന്ദ്ര വ്യക്തമാക്കി.

Related Articles

Back to top button