IndiaLatest

നവപൂജിതം-ജന്മദിന സന്ദേശം

“Manju”

നവജ്യോതി ശ്രീകരുണാകരഗുരു ‘നവപൂജിതം’ ‘ജന്മദിന സന്ദേശം’
(ഗുരുപ്രകാശത്തിൽ നിന്നുള്ള അറിയിപ്പ് )
ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി

നമ്മുടെ ഓരോരുത്തരുടേയും ജീവിതം എടുത്തു നോക്കുമ്പോൾ, ആ ദർശനക്കാഴ്ചകളിൽ ജീവന്റെ കർമഗതി അനുസരിച്ചുള്ള കാര്യങ്ങളാണ് കടന്നുവരുന്നത്. കർമത്തിൽ കാണുന്ന ധർമ്മവും പുണ്യവശങ്ങളും അനുഭവമുള്ളയാൾ ദർശനത്തിലൂടെ കണ്ടറിയുന്നു. ഇന്നുവരെ വന്നു പോയിട്ടുള്ള മന്വന്തരങ്ങളുടേയും ആദി സനാതനത്തിന്റെയും ഏടുകളിൽ, പ്രപഞ്ചത്തിൽ നടന്നതും നടക്കേണ്ടതുമായ കാര്യങ്ങളെല്ലാം തന്നെ ദർശന വശത്തിന്റെ വിവിധ തലങ്ങളിലെത്തിയ ആളിന് കാണാൻ കഴിയും. മനുഷ്യസൃഷ്ടിയുടെ ഏകാത്മകമായ സത്യത്തെ വിളിച്ചറിയിക്കുന്ന സ്ഥൂലവും സൂക്ഷ്മവുമായ കാര്യങ്ങൾ നമുക്കീ കാഴ്ചകളിലൂടെ കാണാൻ കഴിയും. അതാണ് അനുഭവത്തിന്റെ നേരായ വഴി. നമ്മുടെ ജീവിത സ്വഭാവത്തിൽ വരുന്ന ഓരോ നക്ഷത്ര ഗണങ്ങളുടെയും നിതാന്തമായ പോക്കിനെക്കുറിച്ച് ചിന്തിച്ചാൽ, ഒരിക്കലും തീരാത്ത വഴിത്തിരിവുകൾ, ആ അറിവിന്റെ തത്വത്തിൽ എല്ലാത്തിലും നമുക്കതു കാണാൻ കഴിയും.

ദീർഘദർശികളുടെ ജീവിതം അതീവ ത്യാഗമുള്ളതും പുണ്യാർജിതവുമായിരിക്കും. ഈ പ്രകൃതിയിൽ ഏതൊക്കെ സസ്യജന്തു ജീവജാലങ്ങളുണ്ടോ അവയുടെ സൃഷ്ടിയിൽ ദൈവം എന്തൊക്കെ ഏതെല്ലാം വഴിയ്ക്ക് ചെയ്തു വെച്ചിരിക്കുന്നു എന്ന കാര്യം നമുക്ക് അത്ഭുതത്തോടെ മാത്രമേ കാണുവാനാകൂ. മനുഷ്യന്റെ ബുദ്ധിക്കും, ചിന്തയ്ക്കും അതീതമായിരിക്കുന്ന വശങ്ങളാണ് ഇതൊക്കെ. പഞ്ചേന്ദ്രിയങ്ങളിലും പഞ്ച കോശങ്ങളിലും പഞ്ചഭൂതങ്ങളിലും അടങ്ങിയിരിക്കുന്ന, സൃഷ്ടിയുടെ ഇത്തരത്തിലുള്ള വശങ്ങളാണു നാം അനുഭവത്തിലൂടെ കണ്ടറിയേണ്ടത്. ഒരേ നക്ഷത്രത്തിൽ തന്നെയുള്ള മനുഷ്യരിൽ പല സ്വഭാവക്കാരെ നമുക്ക് കാണാൻ കഴിയുന്നില്ലേ ? അതുപോലെതന്നെ ആരാധന രീതികളെ ശൈവം, ശാക്തേയം, വൈഷ്ണവം എന്ന് പറയുന്നു. യുഗാന്തരങ്ങളായി ലോകത്ത് വന്നുപോയിട്ടുള്ള സൃഷ്ടിയുടെ വ്യത്യസ്തകൾ കാണാനുള്ള ജ്ഞാനം ഈ വഴിയിൽ പോകുന്ന അനുഭവജ്ഞാനികൾക്കുണ്ടാകണം. മനുഷ്യന്റെ ജീവിതചര്യയിൽ സ്നേഹവും ഭക്തിയും പങ്കിട്ട് എടുക്കാൻ കഴിയണം. കർമ്മ ധർമങ്ങളിലും പുണ്യത്തിൽ കൂടിയും ജീവിതം കൊണ്ടു പോകാനുള്ള അറിവ് ഉണ്ടാക്കി തീർക്കണം. അതു ലോകത്തിന് മൊത്തമായി ഇവിടെ നിന്ന് പകരാൻ കഴിയണം. അതാണ് എല്ലാം കുടുംബത്തിൽ നിന്നും തുടങ്ങണമെന്ന് പറയുന്നത്. ശാന്തവും എന്നാൽ നന്മയുടെ അതിഗംഭീരവുമായ ഈ പോക്കിൽ, ജീവന്റെ നന്മതിന്മകൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ മനുഷ്യർക്കു കഴിയണം. അപ്പോൾ നമ്മളിൽ തന്നെയുണ്ടാക്കുന്ന തിന്മയെ ഒതുക്കാനുള്ള സങ്കല്പശേഷി നമുക്ക് ഉണ്ടായിരിക്കണം. ലോകത്ത് പലവിധ സ്ഥിതിവിശേഷത്തിൽപ്പെട്ടുഴലുന്ന എല്ലാ വസ്തുക്കളെയും കണ്ടറിഞ്ഞ് നമ്മുടെ വിധിവിഹിതമായ കർമ്മധർമ്മം മനസ്സിലാക്കി എക്കാലവും മുന്നോട്ട് പോകണം അതാണ് ഗുരുവിന്റെ വഴി. എല്ലായിടത്തും എപ്പോഴും ഒന്നു പോലെ, എല്ലാവരും പങ്കുവെച്ച് പോകുന്ന പുണ്യാർജ്ജിതമായ കർമ്മവും ധർമ്മവും, ഈ ജീവിതത്തിലൂടെ ഉണ്ടാക്കിയെടുക്കണം. അതാണു ഗുരു മാർഗ്ഗം. അങ്ങനെയുള്ള കാര്യങ്ങളെ കണ്ടറിഞ്ഞ് പോകുന്ന കർമ്മശേഷിയാണ് ശാന്തിഗിരിയുടെ ലഘുത്വവും മഹത്വവും അനുഭവസിദ്ധാന്തവും. കലികാല വൈഭവത്തിന്റെ വിശേഷാൽ വിധിയെ കണ്ടിട്ട്, അതിന്റെ കാര്യകാരണഹേതു കണ്ടുപിടിച്ച്, ഗുരുവാക്ക് പകർത്തി അതു ജീവിതത്തിൽ പ്രവർത്തിച്ചെത്തിക്കുവാൻ നമുക്കേവർക്കും ഒരു പോലെ കഴിയണം. ഒരു അനുഭവജ്ഞാനി ഇങ്ങനെയുള്ള പാത കണ്ടിട്ട് സകലവിധ സന്നിധാനങ്ങളും കടന്ന് വന്ന് പ്രവർത്തിച്ചെത്തുന്ന കാരുണ്യത്തിന്റെ നിറവു പകരണം. ആ പുണ്യത്തിന്റേയും നന്മയുടേയും പാതയിലേക്ക് നമ്മെ ഏവരേയും എത്തിക്കേണമേ എന്ന് ദൈവത്തോട് നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം.

ഓം ശാന്തി ശാന്തി ശാന്തി

2021 സെപ്തംബർ 11, ശനിയാഴ്ച

Related Articles

Back to top button