KeralaLatest

മൃദംഗ വിദ്വാന്‍ കൊങ്ങോര്‍പ്പിള്ളി പരമേശ്വരന്‍ നമ്പൂതിരി അന്തരിച്ചു

“Manju”

പാലക്കാട് ; ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്കൊപ്പം കച്ചേരിയില്‍ മൃദംഗത്തില്‍ താളലയം തീര്‍ത്തിരുന്ന പ്രശസ്ത മൃദംഗ വിദ്വാന്‍ കൊങ്ങോര്‍പ്പിള്ളി പരമേശ്വരന്‍ നമ്പൂതിരി (90) അന്തരിച്ചു. കൊവിഡിനെ തുടര്‍ന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ആകാശവാണിയില്‍ ജീവനക്കാരനായിരുന്നു. ആകാശവാണിയില്‍ ചെമ്പൈ സംഗീതോല്‍സവം ആദ്യമായി തല്‍സമയം സംപ്രേക്ഷണം ചെയ്തതിലും മുഖ്യ പങ്കുവഹിച്ചു.

ഗുരുവായൂരിനടുത്ത്‌ കോട്ടപ്പടിയില്‍ പരമേശ്വരന്‍ നമ്പൂതിരിയുടേയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായാണ്‌ ജനനം. ചെറുപ്രായത്തിലുള്ള സംഗീത താല്‍പര്യം മണക്കുളം കോവിലകത്തെ മുകുന്ദ രാജാവിന്റെ സമീപമെത്തിച്ചു. കുഞ്ചുണ്ണി രാജയുടെ നിര്‍ദേശപ്രകാരം മണക്കുളത്ത് സരോജിനി നേത്യാരമ്മയുടെ ശിക്ഷണത്തില്‍ സംഗീതമഭ്യസിച്ചു.

പ്രിയ ശിഷ്യനെ സരോജിനി നേത്യാരമ്മയാണ്‌ മൃദംഗത്തിലേക്ക് വഴിതിരിച്ചുവിട്ടു. തുടര്‍ന്ന് മൃദംഗ വിദ്വാന്മാരായ എരനെല്ലൂര്‍ നാരായണപ്പിഷാരടി, മൂത്തിരിങ്ങോട് നാരായണന്‍ നമ്പൂതിരിപ്പാട്, പാലക്കാട് അപ്പു അയ്യര്‍ എന്നിവരുടെ കീഴില്‍ മൃദംഗം അഭ്യസിച്ചു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സംഗീതക്കച്ചേരികളില്‍ ഇരുപത്‌ വര്‍ഷത്തോളം മൃദംഗം വായിച്ചു.

ഗുരുവായൂര്‍ ചെമ്പൈ സംഗീതോല്‍സവത്തെ പരിപോഷിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഗുരുവായൂരില്‍ പഞ്ചരത്‌ന കീര്‍ത്തനാലാപാനം തുടങ്ങുന്നതിനും ചെമ്പൈ സംഗീതോല്‍സവത്തിന്‌ തുടക്കം കുറിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. ഉപരാഷ്ട്രപതിയായിരുന്ന ഡോ.എസ് രാധാകൃഷ്‌ണനു മുന്നില്‍ രാഷ്ട്രപതിഭവനില്‍ ചെമ്പൈ അവതരിപ്പിച്ച കച്ചേരിയില്‍ മൃദംഗവാദകനായിരുന്നു.

Related Articles

Back to top button