KeralaLatestThiruvananthapuram

തിരുവനന്തപുരത്തെ കൊവിഡ് മരണങ്ങളില്‍ സര്‍ക്കാറിന്റെ കണക്കുകളില്‍ ആശയക്കുഴപ്പം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം : തിരുവനന്തപുരത്തെ കൊവിഡ് മരണങ്ങളില്‍ സര്‍ക്കാറിന്റെ കണക്കുകളില്‍ ആശയക്കുഴപ്പം. ജൂലൈ 31 വരെ ജില്ലയില്‍ 34 പേരാണ് മരിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ ക്ലസ്റ്റര്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ജില്ലയിലാകെ ഇതുവരെ 22 മരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വെബ് സൈറ്റിലെ കണക്ക്. ഔദ്യോഗിക കണക്കുകളില്‍പ്പെടാത്ത കൂടുതല്‍ കൊവിഡ് മരണങ്ങള്‍ നടന്നിട്ടുണ്ടെന്ന സംശയം ഉയര്‍ത്തുകയാണ് വിദഗ്ധര്‍.

ജൂലൈ 31 വരെ തിരുവനന്തപുരത്ത് 45 ക്ലസ്റ്ററുകളാണുള്ളത്. കൊവിഡ് 19 കാരണം ക്ലസ്റ്ററുകളില്‍ 34 മരണങ്ങളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ പൂന്തുറ ക്ലസ്റ്ററിലാണ്. 13 മരണമാണ് പൂന്തുറയിലുണ്ടായത്. സര്‍ക്കാരിന്റെ ഔദ്യോഗിക പോര്‍ട്ടലിലാകട്ടെ മരണം 22 എന്നാണുള്ളത്. വ്യാപനതോത് ഉയര്‍ന്നതോടെ കഴിഞ്ഞ മാസം മുതല്‍ വിശദമായ പഠനം നടത്തി തരംതിരിച്ച ശേഷം മാത്രമാണ് മരണം കൊവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഇതിനിടയിലാണ് ക്ലസ്റ്റര്‍ റിപ്പോര്‍ട്ടിലെ ആശയക്കുഴപ്പം. എന്നാല്‍ കണക്കുകളിലെ വൈരുധ്യത്തെക്കുറിച്ച്‌ ഔദ്യോഗികമായി ആരും പ്രതികരിക്കുന്നില്ല.

തരംതിരിക്കുന്നത് മാറ്റി നിര്‍ത്തിയാല്‍ കേരളത്തിലെ ഇതുവരെയുള്ള മരണസംഖ്യ 200നും മുകളിലാണെന്നും തരംതിരിക്കലിനോട് എതിര്‍പ്പുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്തെ വ്യാപനം നിയന്ത്രിണത്തിലാകുന്നില്ലെന്നും ക്ലസ്റ്റര്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.പരിശോധനകളിലെ അന്തരവും വ്യക്തം. ക്ലസ്റ്ററുകളില്‍ 287 കേസുകളുണ്ടായ മലപ്പുറത്ത് 11,779 പരിശോധനകള്‍ നടത്തിയപ്പോള്‍, 3,527 കേസുകളുണ്ടായ തിരുവനന്തപുരത്ത് നടത്തിയത് 25,085 ടെസ്റ്റുകള്‍. മലപ്പുറത്തെ അപേക്ഷിച്ച്‌ പന്ത്രണ്ട് ഇരട്ടി കേസുകള്‍ തിരുവനന്തപുരത്തുണ്ടായപ്പോള്‍, നടത്തിയത് മലപ്പുറത്തേതിന്റെ ഇരട്ടിയിലും അല്‍പ്പം കൂടുതല്‍ പരിശോധനകള്‍. ആലുവയിലടക്കം വ്യാപനം നിയന്ത്രിക്കാനായപ്പോള്‍ തിരുവനന്തപുരത്ത് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളില്‍ രോഗം കൂടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button