IndiaLatest

ആദ്യഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ഇന്ന് മുതല്‍

“Manju”

ഡല്‍ഹി: ആദ്യ ഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക ഇന്ന് മുതല്‍ സമര്‍പ്പിക്കാം. മാര്‍ച്ച് 27 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ആദ്യഘട്ട തിരഞ്ഞടുപ്പ് ഏപ്രില്‍ 19ന് നടക്കും. ഒന്നാംഘട്ടത്തില്‍ 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുക. രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 26നാണ്. രണ്ടാം ഘട്ടത്തില്‍ കേരളമടക്കം 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ്. മൂന്നാംഘട്ട വോട്ടെടുപ്പ് മെയ് ഏഴിനാണ്. 12 സംസ്ഥാനങ്ങളിലായി 94 മണ്ഡലങ്ങളിലേയ്ക്കാണ് മൂന്നാം ഘട്ടം വോട്ടെടുപ്പ്.

സൂക്ഷ്മ പരിശോധന മാര്‍ച്ച് 28 ന് നടക്കും. പത്രിക പിന്‍വലിക്കേണ്ട അവസാന തിയതി മാര്‍ച്ച് 30 ആണ്. 25000 രൂപയാണ് തിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിക്കുന്നതിനൊപ്പം സ്ഥാനാര്‍ത്ഥികള്‍ കെട്ടിവെക്കേണ്ട തുക. എസ് സി, എസ്ടി വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ 12500 രൂപ കെട്ടിവെച്ചാല്‍ മതി. തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങള്‍, രാജസ്ഥാനിലെ 12 മണ്ഡലങ്ങള്‍, ഉത്തര്‍പ്രദേശില്‍ എട്ട്, മധ്യപ്രദേശില്‍ ആറ്, അസ്സമിലും മഹാരാഷ്ട്രയിലും ഉത്തരാഖണ്ഡിലും അഞ്ച് വീതം മണ്ഡലങ്ങള്‍, ബിഹാറില്‍ നാല്, പശ്ചിമ ബംഗാളില്‍ രണ്ട്, അരുണാചല്‍, മണിപ്പൂര്‍, മേഘാലയ എന്നിവിടങ്ങളില്‍ രണ്ട്, പുതുച്ചേരി, ലക്ഷദ്വീപ്, ജമ്മു കശ്മീര്‍, ആന്‍ഡമാന്‍ നികോബാര്‍ ദ്വീപുകള്‍, ത്രിപുര, സിക്കിം, നാഗാലാന്റ്‌സ മിസോറാം, ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ഓരോ മണ്ഡലത്തില്‍ വീതവും ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ നാലിനാണ് ഫലം പുറത്തുവരിക.

Related Articles

Back to top button