KeralaLatestWayanad

ദൈവം കുട്ടിയുടെ ശരീരത്തില്‍ കയറി ; സ്‌കൂളിന് നൂറ് ശതമാനം കൈവിട്ടു

“Manju”

സുല്‍ത്താന്‍ ബത്തേരി: എസ്.എസ്.എല്‍.സി പരീക്ഷയുടെ സമയത്ത് കുട്ടിയുടെ ശരീരത്തില്‍ ദൈവം ആവേശിച്ചിരിക്കുകയാണെന്നും അതുകൊണ്ട് പരീക്ഷയെഴുതാന്‍ പറ്റില്ലെന്നും പറഞ്ഞ് ഒരു വിഷയം എഴുതാതിരുന്നതിനാല്‍ കുപ്പാടി ഗവ. ഹൈസ്‌കൂളിന് നൂറ് ശതമാനം വിജയം കൈവിട്ടു. പരീക്ഷയ്ക്കിരുന്ന 71 പേരില്‍ 70 പേരും വിജയിച്ചു. ഒരു വിഷയം മാത്രം എഴുതാതിരുന്ന കുട്ടി എഴുതിയ വിഷയങ്ങള്‍ക്കെല്ലാം വിജയിക്കുകയും ചെയ്തു.

ഗോത്രവര്‍ഗത്തില്‍പ്പെട്ട കുട്ടിയാണ് ശരീരത്തില്‍ ദൈവം ആവേശിച്ചുവെന്ന് പറഞ്ഞ് മൂന്ന് പരീക്ഷ മാത്രം ബാക്കിനില്‍ക്കെ എഴുതാന്‍ വിസമ്മതി​ച്ചത്. പരീക്ഷാ സമയമായിട്ടും കുട്ടിയെ സ്‌കൂളില്‍ കാണാതെ വന്നതോടെ സ്‌കൂളിലെ അദ്ധ്യാപകര്‍ കാറുമെടുത്ത് കുട്ടിയുടെ വീട്ടിലെത്തി. കുട്ടിക്ക് ബാധ കയറിയതാണെന്നും പരീക്ഷ എഴുതാന്‍ പറ്റില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ആശുപത്രിയില്‍ കൊണ്ടുപോകാം എന്ന് അദ്ധ്യാപകര്‍ പറഞ്ഞപ്പോള്‍ ബാധ കയറിയത് തനിയെ മാറുമെന്ന് പറഞ്ഞു. അദ്ധ്യാപകര്‍ നിര്‍ബന്ധിച്ച്‌ കുട്ടിയെ കാറില്‍ കയറ്റി സ്‌കൂളില്‍ കൊണ്ടുപോയി പരീക്ഷ എഴുതിക്കുകയായിരുന്നു. അടുത്ത പരീക്ഷയ്ക്കും ഇതു തന്നെയായിരുന്നു അവസ്ഥ. അദ്ധ്യാപകരെ കണ്ടതോടെ കുട്ടി കുഴഞ്ഞുവീണു. രണ്ടാം ദിവസവും കുട്ടിയെ കാറില്‍ സ്‌കൂളിലെത്തിച്ച്‌ പരീക്ഷ എഴുതിച്ചു വിട്ടു.
അവസാന ദിവസത്തെ പരീക്ഷയെഴുതിക്കാനും അദ്ധ്യാപകര്‍ വരുമെന്ന് മനസിലാക്കി കുട്ടിയുടെ മാതാപിതാക്കള്‍ അമ്മ വീടായ നാഗരംചാലിലേക്ക് കുട്ടിയെ മാറ്റി. ഇതോടെ അവസാന ദിവസത്തെ പരീക്ഷ എഴുതാനായില്ല.
അന്ധമായ വിശ്വാസത്തില്‍ നിന്ന് ഉടലെടുത്തതാണ് ബാധ കയറിയെന്ന തോന്നല്‍ കുട്ടിയിലും രക്ഷിതാക്കളിലുമുണ്ടാക്കിയതെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്. ബത്തേരി നഗരസഭാ പരിധിയില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഏക സ്‌കൂളാണ് കുപ്പാടി. എഴുതാതിരുന്ന വിഷയം സേ പരീക്ഷയ്ക്ക് എഴുതിക്കാനാണ് അദ്ധ്യാപകര്‍ തീരുമാനിച്ചിരിക്കുന്നത്.

Related Articles

Back to top button