IndiaLatest

ഒക്ടോബര്‍ ഏഴ് മുതല്‍ ആരാധനാലയവും, സ്‌കൂളും തുറക്കും

“Manju”

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പതിയെ പിന്‍ലവിക്കുന്നു. ആരാധനാലയങ്ങള്‍ ഒക്ടോബര്‍ ഏഴ് മുതല്‍ തുറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നേരത്തെ തന്നെ മുഖ്യമന്ത്രിയോട് ക്ഷേത്രം തുറക്കണമെന്ന ആവശ്യം നിരവധി പേര്‍ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അതേസമയം നവരാത്രി ദിനങ്ങളുടെ ആഘോഷം ആരംഭിക്കുന്ന ദിവസം കൂടിയാണ് ഒക്ടോബര്‍ 7. ക്ഷേത്രങ്ങള്‍ തുറന്നിട്ടുണ്ടെങ്കിലും കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും ഉദ്ധവ് പറഞ്ഞു.
അതേസമയം മഹാരാഷ്ട്രയില്‍ ഇപ്പോഴും കൊവിഡ് ഭീതി അകന്നിട്ടില്ല. ഏറ്റവുമധികം രോഗികള്‍ നിത്യേന റിപ്പോര്‍ട്ട് ചെയ്തിരുന്നത് മഹാരാഷ്ട്രയിലായിരുന്നു. മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്‍കരുതലുകള്‍ സംസ്ഥാനത്ത് എടുത്തിട്ടുണ്ടെന്ന് ഉദ്ധവ് പറയുന്നു. രണ്ടാം തരംഗത്തെ പ്രതിരോധിക്കാനുള്ള നീക്കത്തിലൂടെയാണ് ഇത് സാധ്യമായത്. പതിയെ ഓരോ മേഖലയായി തുറന്ന് കൊണ്ടിരിക്കുകയാണ്. കൊവിഡ് കേസുകള്‍ നല്ല രീതിയില്‍ തന്നെ കുറഞ്ഞ് വരുന്നുണ്ട്. എന്നാലും മുന്‍കരുതലുകള്‍ സംസ്ഥാനത്തുണ്ട്. ആരാധനാലയങ്ങള്‍ ഭക്തര്‍ക്കായി തുറന്നാലും, മാസ്‌കുകള്‍, സാമൂഹിക അകലം, സാനിറ്റൈസേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു.
കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന ട്രെന്‍ഡുകള്‍ സംസ്ഥാനത്തുണ്ട്. എന്നാലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് ഉദ്ധവ് പറയുന്നു. ആരാധനാലയങ്ങളില്‍ എല്ലാ തരത്തിലുമുള്ള പ്രോട്ടോക്കോളുകളും പാലിക്കണം. അതിന്റെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും ഉദ്ധവ് പറഞ്ഞു. പ്രതിപക്ഷമായ ബിജെപി ദീര്‍ഘകാലമായി സര്‍ക്കാരിനോട് ക്ഷേത്രങ്ങളും മറ്റ് ആരാധനലായങ്ങളും തുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ പല നഗരങ്ങളിലും ഈ ആവശ്യം ഉന്നയിച്ച്‌ ബിജെപി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പക്ഷേ അനുമതിയൊന്നും നല്‍കിയിരുന്നില്ല.
ആദ്യ തരംഗത്തിന് ശേഷം ആരാധനാലയങ്ങള്‍ കഴിഞ്ഞ നവംബറില്‍ മഹാരാഷ്ട്രയില്‍ തുറന്നിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ രണ്ടാം തരംഗം ആരംഭിക്കുകയും കേസുകള്‍ അതിരൂക്ഷമായി വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇവയെല്ലാം അടച്ചുപൂട്ടിയിരുന്നു. നിലവില്‍ സംസ്ഥാനത്ത് ക്ഷേത്രങ്ങള്‍ അടക്കം തുറക്കാന്‍ അനുകൂല സാഹചര്യമാണെന്നാണ് വിലയിരുത്തല്‍. 24 മണിക്കൂറിനിടെ 3286 കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 51 മരണങ്ങളും രേഖപ്പെടുത്തി. 65 ലക്ഷത്തില്‍ പേര്‍ക്ക് ഇതുവരെ സംസ്ഥാനത്ത് രോഗം വന്നിട്ടുണ്ട്. 3933 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. നിലവില്‍ 39494 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
അതേസമയം സ്‌കൂളുകള്‍ തുറക്കാനും മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബര്‍ നാല് മുതലാണ് സ്‌കൂളുകള്‍ തുറക്കുക. ഘട്ടം ഘട്ടമായിട്ടാണ് സ്‌കൂളുകള്‍ തുറക്കുക. ഗ്രാമീണ മേഖലയിലെ അഞ്ച് മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള ക്ലാസുകള്‍ സാധാരണ രീതിയില്‍ ആരംഭിക്കും. നഗര മേഖലയില്‍ എട്ടാം തരം മുതല്‍ 12ാം തരം വരെയാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. നേരത്തെ മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍ സ്‌കൂളുകള്‍ ദീപാവലിക്ക് ശേഷം തുറക്കുമെന്ന് പറഞ്ഞിരുന്നു. അതിന് പിന്നാലെ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം വന്നത്. എന്നാല്‍ സ്‌കൂളുകള്‍ തുറക്കുമെങ്കിലും നേരിട്ട് ഹാജരാവണമെന്ന് നിര്‍ബന്ധമില്ല.
നേരിട്ട് ക്ലാസില്‍ ഹാജരാവണമെങ്കില്‍ രക്ഷിതാക്കളുടെ സമ്മതം വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമാണ്. അടുത്തിടെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ സര്‍വേയില്‍ 70 ശതമാനം മാതാപിതാക്കളും സ്‌കൂള്‍ തുറക്കുന്നതിനോട് യോജിക്കുന്നുണ്ടെന്ന് സ്‌കൂള്‍ വിദ്യാഭ്യസ വകുപ്പ മന്ത്രി വര്‍ഷ ഗെയ്ക്‌വാദ് പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയമിച്ചിരുന്നു. കൊവിഡ് കേസുകള്‍ കുറഞ്ഞ മേഖലയിലും വാക്‌സിനേഷന്‍ നിരക്ക് കൂടുതലുള്ള ഇടങ്ങളിലും സ്‌കൂളുകള്‍ തുറക്കാമെന്നായിരുന്നു കമ്മിറ്റിയുടെ നിര്‍ദേശം. അതേസമയം മഹാരാഷ്ട്രയില്‍ മൂന്നാം തരംഗത്തിനുള്ള സാധ്യതയില്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Related Articles

Back to top button