KeralaLatestWayanad

കുറുവ ദ്വീപ് തുറക്കുന്നു

“Manju”

കല്‍പ്പറ്റ : വിനോദസഞ്ചാര മേഖലക്ക് കൂടുതല്‍ ഉണര്‍വേകി ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കുറുവ ദ്വീപും തുറക്കുന്നു. ഒക്ടോബര്‍ രണ്ട് മുതല്‍ ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തിലെ ഏറ്റവും വലിയ നദീജന്യദ്വീപാണ് കുറുവ. 157 ഹെക്ടറില്‍ നൂറോളം ചെറുതുരുത്തുകളുടെ ഒരു സമൂഹമാണ് ഈ ദ്വീപ്. നിരവധി ഇനങ്ങളിലുള്ള ഉരഗങ്ങളുടെയും വൈവിധ്യങ്ങളായ ചിത്രശലഭങ്ങളുടെയും താവളം കൂടിയാണ് പൈന്‍മരങ്ങള്‍ നിറഞ്ഞ ദ്വീപ്. ചങ്ങാടസവാരിയും മുഖ്യ ആകര്‍ഷണമാണ്.

തുറക്കുന്നതിന് മുന്നോടിയായി ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായിവരുന്നതായി അധികൃതര്‍ പറഞ്ഞു. ഒരേസമയം നൂറുപേര്‍ക്ക് മാത്രമെന്ന നിലയില്‍ ദിവസം 1150 പേര്‍ക്കാണ് പ്രവേശനം. പാക്കം ചെറിയമല ഭാഗത്തെ ഫോറസ്റ്റ് കവാടത്തിലൂടെയും മാനന്തവാടി പാല്‍വെളിച്ചം ഭാഗത്തെ ഡിടിപിസി കവാടത്തിലൂടെയുമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. കോവിഡ് മാനദണ്ഡപ്രകാരമാണ് പ്രവേശനം. ഒരു വാക്സിനെങ്കിലും എടുത്തവര്‍ക്കും 72 മണിക്കുറിനകം എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും പ്രവേശിക്കാം. ഒരു മാസം മുമ്ബ് കോവിഡ് പോസിറ്റീവായവരെയും പരിഗണിക്കും. രാവിലെ ഒമ്ബതിന് തുറക്കുന്ന കേന്ദ്രം വൈകിട്ട് അഞ്ചിന് അടയ്ക്കും. ആളുകള്‍ കൂട്ടംകൂടുന്നത് തടഞ്ഞ് സഞ്ചാരികളെ നിയന്ത്രിക്കാന്‍ ദ്വീപിനകത്ത് അഞ്ച് പോയിന്റുകളിലായി ഗൈഡുമാരെ നിയോഗിച്ചിട്ടുണ്ട്.

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെല്ലാം കഴിഞ്ഞ ഒരു മാസക്കാലമായി സജീവമായിരുന്നെങ്കിലും കുറുവയുടെ വശ്യമനോഹര കാഴ്ചകള്‍ ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് കഴിഞ്ഞിരുന്നില്ല. കോവിഡ് വ്യാപനവും മണ്‍സൂണ്‍ സീസണും കാരണമാണ് കേന്ദ്രം അടച്ചിരുന്നത്. മണ്‍സൂണ്‍ സീസണ്‍ അവസാനിക്കുന്നതോടെയാണ് കുറുവ വീണ്ടും സഞ്ചാരികള്‍ക്കായി അണിഞ്ഞൊരുങ്ങുന്നത്.

Related Articles

Back to top button